prd

കോട്ടയം: ജില്ലാ പഞ്ചായത്തിന് 2020-21 വർഷത്തിൽ പ്ലാൻ ഫണ്ട് ഉൾപ്പെടെ 42.57 കോടി രൂപയുടെ പദ്ധതികൾ. പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ പഞ്ചായത്ത് ഗ്രാമസഭ യോഗത്തിൽ പൊതു പദ്ധതികളും ഡിവിഷൻ വിഹിതവും സംബന്ധിച്ച വിവരങ്ങൾ ചർച്ച ചെയ്തു. സ്തനാർബുദ നിർണയത്തിനായി പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള 2.30 കോടി രൂപയുടെ മാമോഗ്രാം യൂണിറ്റ് കോട്ടയം ജനറൽ ആശുപത്രിയിലാണ് സ്ഥാപിക്കുക. വനിതാഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്.

ക്യാൻസർ വിമുക്ത കോട്ടയം ലക്ഷ്യമിട്ട് 1.75 കോടി രൂപയുടെ ക്യാൻ കോട്ടയം ഫിറ്റ് കോട്ടയം പദ്ധതി നടപ്പാക്കും. ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി . ക്യാൻസർ രോഗികൾക്ക് മികച്ച ചികിത്സ, ബോധവത്ക്കരണം, ക്യാൻസർ പ്രതിരോധ നടപടികൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ജലാശയങ്ങളുടെ സംരക്ഷണത്തിനായി 20 ലക്ഷം രൂപയുടെ സുജലം പദ്ധതി നടപ്പാക്കും. നെൽകൃഷിയുടെ വ്യാപനത്തോടൊപ്പം നീർച്ചാലുകളുടെയും തോടുകളുടെയും സംരക്ഷണവുമാണ് ലക്ഷ്യം. വയോമിത്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിനും ഏബിൾ കോട്ടയം വിജയോത്സവത്തിനും ഒരു കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 8.51 കോടിയും ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയ്ക്ക് 1.70 കോടിയും ചെലവിടും.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ഗ്രാമസഭ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മേരി സെബാസ്റ്റ്യൻ, ബെറ്റി റോയ് മണിയങ്ങാട്ട്, അഡ്വ.സണ്ണി പാമ്പാടി, അഡ്വ.കെ.കെ രഞ്ജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ് പി.മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മേരി ജോ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം ജനറൽ

ആശുപത്രിയിൽ

2.30 കോടിയുടെ

മാമോഗ്രാം യൂണിറ്റ്

സ്‌കൂളുകളിൽ ഷീ പാഡ് പദ്ധതിയ്ക്കായി 20 ലക്ഷം

ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനം 47.85 ലക്ഷം

അങ്കണവാടികളിൽ പോഷകാഹാരത്തിന് 25 ലക്ഷം

അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 44 ലക്ഷം

വിത്തും നടീൽ വസ്തുക്കളും നൽകുന്നതിന് 25 ലക്ഷം

മുട്ടക്കോഴി വളർത്തലിനും മത്സ്യക്കൃഷിക്കും 35 ലക്ഷം

പ്രധാന പദ്ധതികൾ


ക്യാൻ കോട്ടയം

സുജലം

വയോമിത്രം

ഏബിൾ കോട്ടയം

ലൈഫ് മിഷൻ

ക്ലീൻ കോട്ടയം