കോട്ടയം: നഗരത്തിൽ ഇന്നലെ രാവിലെ മൂന്നിടത്തുണ്ടായ വാഹനാപകടങ്ങളിൽ അഞ്ചു പേർക്കു പരിക്കേറ്റു. രാവിലെ എട്ടരയോടെ കഞ്ഞിക്കുഴി ടൗണിനു സമീപമായിരുന്നു ആദ്യ അപകടം. ഇവിടെ നിയന്ത്റണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ പാമ്പാടി പേഴമറ്റം സ്വദേശി അനീഷ്, മാന്നാനം സ്വദേശി സന്തോഷ് (46) എന്നിവർക്കാണ് പരിക്കേറ്റത്. പ്ലാന്റേഷൻ ഭാഗത്തു നിന്നെത്തിയ കാർ, എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അനീഷിനെ ജനറൽ ആശുപത്രിയിലും, സന്തോഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. കളത്തിപ്പടിയിലാണ് രണ്ടാമത്തെ അപകടമുണ്ടായത്. കാറിടിച്ച് ബൈക്കിനു മുന്നിലേയ്‌ക്കു തെറിച്ചു വീണ് കാൽനടയാത്രക്കാരനായ വടവാതൂർ പാട്ടുകളത്തിൽ രവിയ്ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇല്ലിക്കലിൽ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വേളൂർ കരിയിൽ വീട്ടിൽ സലിം (60), മകൾ മീനു (23) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.