emb

കോട്ടയം : കേരള ചലച്ചിത്ര അക്കാദമിയുടെയും ആത്മ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ 21ന് കോട്ടയം അനശ്വര തിയേറ്ററിൽ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനച്ചിത്രം നാല് ഓസ്കാർ പുരസ്കാരങ്ങളും കാൻ ഫെസ്റ്റിവലിൽ പാം ഡിയോ റും കരസ്ഥമാക്കിയ പാരസൈറ്റ് ആയിരിക്കും. ഗോവ ഇന്റർനാഷണൽ ഫെസ്റ്റിവലിലും തിരുവനന്തപുരം ഐ.എഫ്.എഫ്കെയിലും മാത്രമാണ് ഈ ചിത്രം ഇതുവരെ പ്രദർശിപ്പിച്ചിട്ടുള്ളത്. 15 വിദേശ സിനിമകളടക്കം ദേശീയ അന്തർദേശീയ അംഗീകാരം നേടിയ 25 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം മുൻ മന്ത്രി എം.എ ബേബി നിർവഹിച്ചു . ചലച്ചിത്ര മേളയുടെ ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അടക്കമുള്ള പ്രമുഖർ സംബന്ധിക്കും. ദിവസവും അഞ്ച് സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് നാലിന് ഓപ്പൺ ഫോറവും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് ഫിലിം ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ ജോഷി മാത്യൂ അറിയിച്ചു. ഡെലിഗേറ്റ് പാസ് വിതരണം അനശ്വര തിയേറ്ററിൽ ആരംഭിച്ചു. രാവിലെ 10 മുതൽ രജ്സ്ട്രേഷൻ. 300 രൂപയാണ് 25 സിനിമകൾ കാണാനുള്ള നിരക്ക്.18 വയസിന് മുകളിലുള്ള 200 വിദ്യാർത്ഥികൾക്ക് 200 രൂപക്ക് ഫെസ്റ്റിവൽ ഡെലിഗേറ്റാകാം.