കോട്ടയം: കൊറോണ വൈറസ് ബാധിത മേഖലകളി ൽ നിന്ന് എത്തിയശേഷം ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ജസനമ്പർക്കമില്ലാതെ വീടുകളിൽ താമസിച്ചിരുന്ന 14 പേരെ നീരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. ഇവരുടെ ഹോം ക്വാറന്റയിൻ 28 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇവരിൽ ആരിലും വൈറസിന്റെ സാന്നിധ്യമോ രോഗലക്ഷണങ്ങളോ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇവരുമായി സമ്പർക്കം പുലർത്തുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും സമൂഹത്തിന്റെ സുരക്ഷയെക്കരുതി വീടുകളിൽ കഴിഞ്ഞിരുന്നവർക്ക് മാനസിക പിന്തുണ നൽകാൻ എല്ലാവരും തയ്യാറാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.

ഇനി 99 പേരാണ് ജില്ലയിൽ ഹോം ക്വാറന്റയിനിലുള്ളത്. ഇവരിലും വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് 28 ദിവസം ഇവർ വീടുകളിൽ കഴിയും.