ഈരാറ്റുപേട്ട : മഴ കനത്താൽ ജീവനക്കാരുടെയുള്ളിൽ ആധിയാണ്. ഏതുനിമിഷവും ഇടിഞ്ഞുവീഴാറായ കെട്ടിടം. മേൽക്കൂരയിലെ കോൺക്രീറ്റ് കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിൽ. ഭിത്തികൾ വിണ്ടുകീറി. ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കാനോ സ്വസ്ഥമായി ഇരുന്നു ജോലി ചെയ്യാനോ സൗകര്യമില്ല. എന്തിന് ശൗചാലയങ്ങൾ പോലുമില്ല. തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്ത് സ്ഥാപിതമായ ജില്ലയിലെ ആദ്യത്തെ വില്ലേജ് ഓഫീസായ പഴയ കൊണ്ടുർ വില്ലേജായ തലപ്പുലം വില്ലേജ് ഓഫീസിന്റെ അവസ്ഥയിതാണ്. കരിങ്കല്ലിൽ സുർക്കി ചേർത്ത് നിർമ്മിച്ച കെട്ടിടത്തിന്റെ മേൽക്കൂരകൾ നനഞ്ഞ് ടാർപോളിൻ ഇട്ടിരിക്കുകയാണ്. 2017ൽ പുതിയ കെട്ടിടം പണിയാനുള്ള അംഗീകാരം ലഭിച്ചിരുന്നു. 50 സെന്റ് സ്ഥലവും സ്വന്തമായുണ്ട്. പക്ഷെ പറഞ്ഞിട്ടെന്ത് പ്രയോജനം. കുടുസ് മുറിയിൽ നരകയാതന അനുഭവിക്കാനാണ് ജീവനക്കാരുടെ വിധി. ആറുപേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ചരിത്രരേഖകൾ ഇവിടെയുണ്ട്
തിരുവിതാംകോട് സംസ്ഥാനത്തെ മീനച്ചിൽ താലൂക്കിലെ കൊണ്ടുർ പകുതിയിലെ സെറ്റിൽമെന്റ് രജിസ്റ്ററിൽ അന്ന് എഴുതി വച്ച രജിസ്റ്റർ മായാതെ ഇന്നും ചരിത്ര രേഖയായി ഇവിടെയുണ്ട്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുതിയ തോട്ടം - പുരയിടം തർക്കത്തിന് രേഖകൾ സാക്ഷിയാക്കാൻ വില്ലേജിനെയാണ് ആളുകൾ ആശ്രയിക്കുന്നത്. 1957ലെ ജനകീയ സർക്കാർ വന്നതിന് ശേഷമാണ് ഇത് തലപ്പുലം വില്ലേജായത്. ഒരു നൂറ്റാണ്ടിലെത്തിയ വില്ലേജിന്റെ കെട്ടിടത്തിന് ഒന്നര നൂറ്റാണ്ടിന് മുകളിൽ പഴക്കമുണ്ടെന്ന് പുരാവസ്തു നിരീക്ഷകർ പറയുന്നു.
ഭീഷണി ഉയർത്തി തേക്ക്
1975 ലെ സാമൂഹ്യ വനത്ക്കരണ പരിപാടിയുടെ ഭാഗമായി നട്ടുവളർത്തിയ 40 ഓളം തേക്കിൻതൈകൾ ഇന്ന് ഭീഷണി ഉയർത്തുകയാണ്. കെട്ടിടത്തിനുള്ളിൽ മരപ്പട്ടി ശല്യവും രൂക്ഷമാണ്. പുരാവസ്തു ഗവേഷകർ ഏറ്റെടുക്കേണ്ട നിരവധി ഫയലുകളാണ് ഇവിടെയുള്ളത്. സൂക്ഷിക്കാൻ സുരക്ഷിതസ്ഥമില്ലെന്ന് മാത്രം.
''
മാതൃകാ വില്ലേജിന് അടിയന്തിരമായി കെട്ടുറപ്പുള്ള ഒരു കെട്ടിടമാണ് ആദ്യം വേണ്ടത്. ആവശ്യത്തിന് സ്ഥലമില്ലാത്തതിനാൽ പൊതുജനങ്ങളും ബുദ്ധിമുട്ടിലാണ്
രാജേന്ദ്രൻ, പ്രദേശവാസി
ചോർന്നൊലിക്കുന്ന മേൽക്കൂര,
ഭിത്തി വിണ്ടുകീറിയ നിലയിൽ
പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയിരിക്കുന്നു
ഫയലുകൾ സൂക്ഷിക്കാനിടമില്ല