പാലാ : സ്‌നേഹത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നതാണ് കാരുണ്യസ്ഥാപനങ്ങളെന്നും സമൂഹത്തിൽ വിഷമവും ക്ലേശവും അനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ധാരാളം സമർപ്പിതരും അല്മായരുമാണ് കാരുണ്യ സ്ഥാപനങ്ങളെ ജ്വലിപ്പിക്കുന്നതെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു. കെയർ ഹോംസിന്റെ അഞ്ചാമത് വാർഷിക സമ്മേളനം അൽഫോൻസാ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കെയർ ഹോംസ് പ്രസിദ്ധീകരിക്കുന്ന പുതിയ കലണ്ടർ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് പ്രകാശനം ചെയ്തു. പുതിയ ഡയറക്ടറി - തണൽ 2020 ഓർഫനേജ് കൺട്രോൾ ബോർഡ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ പ്രകാശനം ചെയ്തു. പത്രവാർത്താ ബുള്ളറ്റിൻ പാലാ ജനമൈത്രി സി.ആർ.ഒ ബിനോയി തോമസ് ഇടയ്ക്കാട്ടുകുടിയിൽ പ്രകാശനം ചെയ്തു.

മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം ചെയ്തു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് മേനാംപറമ്പിൽ, ബിനോയി തോമസ് ഇടയ്ക്കാട്ടുകുടിയിൽ, ഫാ, സ്‌കറിയ വേകത്താനം, സിബി ചെരുവിൽപുരയിടം തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കാരുണ്യസ്ഥാപനങ്ങളിലെ അംഗങ്ങൾ കലാപരിപാടികൾ നടത്തി.