പാലാ : ടൗൺ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് റിവർവ്യൂ റോഡിലേക്കുള്ള ഉപറോഡിൽ കൂടി ഭാരവണ്ടികൾ പോകരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ ഇന്നലെ വൈകിട്ട് ചേർന്ന പാലാ നഗരസഭാ യോഗത്തിൽ തീരുമാനമായി. ഉപറോഡിൽ പുതുതായി ഓടയ്ക്ക് മുകളിൽ സ്ഥാപിച്ച ഗ്രില്ലിലൂടെ ഭാരവണ്ടികൾ കടന്നു പോകുന്നത് ''കേരളകൗമുദി ' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കൗൺസിലർമാരായ ബിജി ജോജോ, അഡ്വ. ബിനു പുളിക്കക്കണ്ടം എന്നിവരാണ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. റോഡ് കവാടത്തോട് ചേർന്ന് ഉടൻ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് പറഞ്ഞു. ഇക്കാര്യത്തിൽ ഇനി ഒരു വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും ചെയർപേഴ്‌സൺ നിർദ്ദേശിച്ചു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് അടിയന്തിരമായി നന്നാക്കാൻ മന്ത്രിക്ക് കത്ത് കൊടുക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.