വൈക്കം: വൈക്കം മറവൻതുരുത്ത് പഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ കൊടുപ്പാടത്ത് കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചീര കൃഷിയിൽ നൂറുമേനി വിളവ്. കൊടുപ്പാടത്തെ രണ്ടര ഏക്കറിൽ തിലകൻ കൈതവളപ്പിൽ, ലക്ഷ്മണൻ ഗോപാലഭവനം, ശിവദാസൻ പത്തു പറയിൽ, രാജാറാംതറയിൽ എന്നിവർ ചേർന്ന് ചീര,വെണ്ട, പൊട്ടുവെള്ളരി, കണിവെള്ളരി,കുമ്പളം,മത്ത, തണ്ണിമത്തൻ,കുക്കുമ്പർ, വള്ളിപയർ,ചൊരക്ക, കപ്പ തുടങ്ങിയവയാണ് കൃഷി ചെയ്തത്. കോഴി വളവും ചാണകവും വേപ്പിൻ പിണ്ണാക്കുമടക്കമുള്ളവ വളമായി നൽകി നടത്തുന്ന ജൈവകൃഷിയിൽ ചീരയുടെ വിളവെടുപ്പാണ് ആദ്യം നടന്നത്.കൃഷിയിടത്തിനു സമീപം ചെമ്മനാ കരി റോഡിന്റെ ഓരത്ത് കെട്ടിയുണ്ടാക്കിയ സ്റ്റാളിൽ കർഷകർ നേരിട്ടാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. ജൈവകൃഷി രീതിയിൽ ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി കർഷകർ നേരിട്ടു ന്യായവിലയ്ക്ക് നൽകുന്നതിനാൽ ഉപഭോക്താക്കളും സംതൃപ്തരാണെന്ന് കർഷകർ പറയുന്നു.മറവൻ തുരുത്ത് കൃഷി ഓഫീസർ ലിറ്റിവർഗീസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശരത്, കൃഷി അസിസ്റ്റന്റ് ബീന, രാജേഷ്, മറവൻതുരുത്ത് പഞ്ചായത്ത് ഫിഷറീസ് കോ-ഓർഡിനേറ്റർ, ചെമ്പ് ഫിഷറീസ് കോ-ഓർഡിനേറ്റർ ജിൻഷോജോസ് തുടങ്ങിയവർ സംബന്ധിച്ചു.