cement-

കോട്ടയം: പുതിയ ഗ്രേ സിമന്റ് യൂണിറ്റിന് 25 കോടി അനുവദിക്കാൻ സർക്കാർ തയ്യാറായതോടെ ഊർദ്ധ്വശ്വാസം വലിച്ചിരുന്ന കോട്ടയത്തെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സ് തത്ക്കാലം മരിക്കില്ല !.

ബഡ്ജറ്റിൽ പ്രഖ്യാപിച്ച 10 കോടിക്കൊപ്പം 25 കോടി കൂടി ലഭിക്കുന്നതോടെ ശമ്പള കുടിശിക, പി.എഫ് കുടിശിക, റിട്ടയർമെന്റ് ആനുകൂല്യം എന്നിവ നൽകാനാവും. ഇതോടെ പൂട്ടൽ ഭീഷണിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ വഴി തുറന്നു.

മാസം പത്തു കോടി രൂപയുടെ നഷ്ടത്തിലാണ് കമ്പനിയിപ്പോൾ. ഈജിപ്തിൽ നിന്ന് ക്ലിന്റർ ഇറക്കുമതി ചെയ്യുന്നത് കൊണ്ട് സിമന്റും വാൾപുട്ടിയും ഉത്പാദിപ്പിച്ചു പ്രവർത്തിക്കുന്നുവെന്നു മാത്രം. വൈറ്റ് സിമന്റ് ആയിരുന്നു ബ്രാൻഡഡ് ഉത്പന്നം. കായലിൽ നിന്ന് കക്ക ഖനനം ചെയ്യുന്നതിന് 2014 ആഗസ്റ്റിൽ ഹൈക്കോടതി നിരോധനം വന്നു. വൈറ്റ് സിമന്റ് ഉത്പാദനം അതോടെ നിറുത്തി. കമ്പനി നഷ്ടത്തിലുമായി. പ്രതിസന്ധി മറികടക്കാനും വൈവിദ്ധ്യവത്കരണത്തിനും സർക്കാർ അനുവദിച്ച പണം 370 തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിന് വക മാറ്റിയതോടെ വൈവിദ്ധ്യവത്കരണം കടലാസിൽ മാത്രമായി.

അസംസ്കൃത വസ്തുവായ കക്ക ശേഖരിക്കുന്നതിനുള്ള ലീസ് പുതുക്കുന്നതിന് മാനേജ്മെന്റ് നടപടി സ്വീകരിക്കാതിരുന്നതാണ് ഫാക്ടറിയുടെ പ്രവർത്തനം സ്തംഭനത്തിലാക്കിയതെന്ന് ഭരണപക്ഷ യൂണിയനുകൾ ആരോപിക്കുന്നു. കക്ക ശേഖരണം നിലച്ചതോടെ മൂന്നു കോടി രൂപ വിലയുള്ള ഡ്രഡ്ജർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ തുരുമ്പെടുത്തു.

വേമ്പനാട്ടുകായലിലെ വെള്ളകക്ക ഉപയോഗിച്ച് വെള്ള സിമന്റ് ഉല്പാദിപ്പിക്കുന്ന ഫാക്ടറി 1947ൽ തിരുവിതാംകൂർ രാജകുടുംബമാണ് നാട്ടകത്ത് ആരംഭിച്ചത്. വർഷങ്ങളോളം ലാഭത്തിൽ ആയിരുന്നു. വെള്ള കക്കയുടെ ലഭ്യത കുറഞ്ഞതോടെ പ്രതിസന്ധിയിലായി. ഡ്രഡ്ജിംഗ് നടത്തുന്നതിനെതിരെ മത്സ്യതൊഴിലാളികൾ രംഗത്തുവന്നതോടെ പ്രശ്നം രൂക്ഷമായി .സർക്കാർ കണ്ണടച്ചു . മുഴുവൻ സമയം പ്രവർത്തിക്കുന്ന എം.ഡിയും ചെയർമാനുമില്ലാതായതോടെ കെടുകാര്യസ്ഥതയും രൂക്ഷമായി.

സർക്കാർ നൽകിയ ഉറപ്പുകൾ

സിമന്റ്സിനെ രക്ഷിക്കാൻ 35 കോടി നൽകും

വൈവിദ്ധ്യവത്ക്കരണം യാഥാർത്ഥ്യമാക്കും

ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കും

മുഴുവൻ സമയ എം.ഡിയെ നിയമിക്കും.

കമ്പനി വക രണ്ടേക്കർ സ്ഥലം നിലനിറുത്തും

പ്രതിമാസ നഷ്ടം

10 കോടി രൂപ

കോട്ടയത്ത് പൊതുമേഖലയിലെ ഏകസ്ഥാപനമായ സിമന്റ്സ് നിലനിർത്താൻ അനുഭാവപൂർണമായ നടപടികളാണ് സർക്കാരിൽ നിന്നുണ്ടായത്. നിയമസഭാ പബ്ലിക്ക് അണ്ടർടേക്കിംഗ് കമ്മിറ്റി ചെയർമാൻ സി.ദിവാകരന്റെ നേതൃത്വത്തിൽ യൂണിയൻ പ്രതിനിധികൾ വ്യവസായ മന്ത്രിയെ കണ്ടു. ജീവനക്കാ‌ർക്ക് ആനുകൂല്യങ്ങൾ നൽകാൻ പ്രത്യേക ഫണ്ട് വകയിരുത്തിയതോടെ വൈവിദ്ധ്യവത്ക്കരണം യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായി . ഗ്രേ സിമന്റ് യൂണിറ്റ് ആരംഭിക്കുന്നതോടെ കമ്പനി ലാഭത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഡ്വ.വി.ബി ബിനു

(ജനറൽ സെക്രട്ടറി, ട്രാവൻകൂർ സിമന്റ്സ് വർക്കേഴ്സ് യൂണിയൻ