idayattu-padashekaram

തലയോലപ്പറമ്പ്: മുളക്കുളം പഞ്ചായത്തിലെ ഇഷ്ടികക്കളങ്ങൾക്ക് വേണ്ടി പാടത്തു നിന്ന് അനധികൃതമായി മണ്ണെടുക്കുന്നതായി പരാതി. ഇഷ്ടിക നിർമ്മാണത്തിനായി പാടത്ത് നിന്നും മണ്ണെടുക്കരുതെന്ന കോടതി വിധി കാ​റ്റിൽ പറത്തിയാണ് അവധി ദിവസങ്ങളിൽ ഉൾപ്പടെ വ്യാപകമായി മണ്ണ് കുഴിച്ചെടുക്കുന്നതെന്നും പഞ്ചായത്ത് അധികൃതരോടും പൊലീസിനോടും പരാതിപ്പെട്ടെങ്കിലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. നിയമവ്യവസ്ഥകൾ പാലിക്കാതെയാണ് ഈ കളങ്ങൾ പ്രവർത്തിക്കുന്നതെന്നും പരാതിയുണ്ട്. കഴിഞ്ഞ അവധി ദിവസങ്ങളിൽ മാത്രം പാടശേഖരം ആഴത്തിൽ കുഴിച്ച് നൂറ് കണക്കിന് ലോഡ് മണ്ണാണ് എടുത്തതെന്നും സംഭവം ഉടൻ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും തന്നെ തിരിഞ്ഞ് നോക്കിയില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഒരുക്കിയിരിക്കുന്ന ഷെഡുകളുടെയും ശൗചാലയങ്ങളുടെയും അവസ്ഥ ദയനീയമാണെന്നും ആരോപണമുണ്ട്. മുളക്കുളം പഞ്ചായത്തിന്റെ നെല്ലറയായ ഇടയാ​റ്റ് പാടത്ത് ഇരിപൂ കൃഷി ചെയ്തിരുന്നതാണ്. മണ്ണെടുപ്പ് മൂലം ഏക്കർ കണക്കിന് പാടശേഖരം നിലവിൽ കൃഷി ചെയ്യുവാൻ പ​റ്റാത്ത സ്ഥിതിയിലാണെന്നും പരാതിയുണ്ട്.

 ലൈസൻസിന്റെ മറവിൽ മണ്ണെടുപ്പ്

മുളക്കുളം ഇടയാ​റ്റ് പാടശേഖരത്തിൽ നിന്ന് മണ്ണെടുക്കുന്നത് ലൈസൻസിന്റെ മറവിലാണെന്നും ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചാൽ റദ്ദ് ചെയ്യുവാൻ പഞ്ചായത്തിന് അധികാരമുണ്ടെങ്കിലും ബന്ധപ്പെട്ടവർ ഇതിന് തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ലൈസൻസ് തരപ്പെടുത്തുവാൻ കളം ഉടമകൾ കുറച്ച് പുരയിടത്തിന്റെ രേഖകൾ ഹാജരാക്കുകയും പ്രവർത്തിക്കാൻ അനുമതി കിട്ടുന്ന സ്ഥലത്തിന്റെ ചു​റ്റും കിടക്കുന്ന ഏക്കറ് കണക്കിന് പാടശേഖരങ്ങൾ പിന്നീട് യന്ത്റങ്ങൾ ഉപയോഗിച്ചു മണ്ണ് കുഴിച്ചെടുക്കുകയാണെന്നും പരാതിയുണ്ട്.

ലൈസൻസിൽ പറഞ്ഞ വ്യവസ്ഥകൾ ലംഘിച്ചും കോടതി വിധികൾ കാ​റ്റിൽപറത്തിയും പ്രവർത്തിക്കുന്ന ഇഷ്ടിക കളങ്ങൾ ഉടൻ നിറുത്തിവയ്ക്കുവാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണം

--

ടി.എം. സദൻ (സി.പി.ഐ കോട്ടയം ജില്ലാ കമ്മ​റ്റി അംഗം)