കോട്ടയം: കർഷകരെ അങ്കലാപ്പിലാക്കി ഏത്തയ്ക്ക വില കുത്തനെയിടിഞ്ഞു. തമിഴ്നാടും കർണ്ണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉത്പാദനം കൂടിയതാണ് കേരളത്തിൽ വിലയിടിയാൻ കാരണം. മൈസൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്നാണ് വാഴക്കുലകൾ കേരളത്തിലേയ്ക്ക് വൻതോതിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ കേരളത്തിൽ ഒരുകിലോ ഏത്തപ്പഴത്തിന് കർഷകന് ലഭിക്കുന്നത് 10 മുതൽ 15 രൂപയാണ്. വിലയിടിവ് കർഷകന് വൻനഷ്ടമാണ് വരുത്തുന്നതെന്ന് ചുരുക്കം. കേരളത്തിൽ പൊതുവിപണിയിൽ 25 മുതൽ 30 രൂപയ്ക്ക് ഏത്തപ്പഴം ലഭിക്കും. വിപണിയിൽ ഇടനിലക്കാരുടെ ഇടപെടലും കർഷകന് തിരിച്ചടിയാണ്.
അതേസമയം, ഏത്തയ്ക്കായുടെ വില കുത്തനെയിടിഞ്ഞിട്ടും പഴംപൊരിക്കും ചിപ്‌സിനും വിലകുറഞ്ഞിട്ടില്ല. ഒരു പഴം രണ്ടാക്കി ഉണ്ടാക്കുന്ന പഴംപൊരിക്ക് 10 രൂപയും ചിപ്‌സിനു കിലോയ്ക്ക് 260 മുതൽ 280 രൂപയും നൽകണം.
കൃഷിക്കില്ലെന്ന്
കർഷകർ
വിലയിടിവ് വൻ തിരിച്ചടിയായതോടെ വാഴകൃഷി അവസാനിപ്പിക്കാനാണ് കർഷകരിൽ ഭൂരിപക്ഷത്തിന്റെയും തീരുമാനം. വിലയിടിവ് കാരണം മുടക്കുമുതൽ പോലും ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. കൂടുതൽ പേർ കൃഷി ഉപേക്ഷിക്കുന്നത് അടുത്ത വർഷം തിരിച്ചടിയാകുമെന്ന് കാർഷിക രംഗത്തുള്ളവരും വ്യക്തമാക്കുന്നു.