പാലാ : പതിറ്റാണ്ടുകളായി തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന സാംസ്‌കാരികകേന്ദ്രമായ നഗരസഭാ വക മാത്യു.എം.കുഴിവേലി സ്മാരക വായനശാലയുടെ പ്രവർത്തനം താളംതെറ്റുന്നു. മണിക്കൂറുകൾ മാത്രമാണ് പല ദിവസങ്ങളിലും വായനശാല തുറക്കുന്നത്. തിങ്കളാഴ്ച ദിവസം വാതിൽ മുഴുവനായി അടഞ്ഞു കിടക്കും. ഇങ്ങനെയാണോ ഒരു വായനശാല, അതും നഗരഹൃദയത്തിലുള്ള ഒരു അക്ഷരാലയം പ്രവർത്തിക്കേണ്ടത് ?
മഹാകവി പാലാ നാരായണൻ നായരും, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയും തുടങ്ങി നൂറുകണക്കിന് സാഹിത്യ പ്രതിഭകളെ മലയാള നാടിന് സംഭാവന ചെയ്ത അക്ഷര നക്ഷത്രമാണ് പാലാ നഗരം. അവിടെയാണ് പേരെടുത്ത ഈ വായനശാല ഊർദ്ധ്വശ്വാസം വലിക്കുന്നത്. നിലവിൽ ദിവസവും രാവിലെ 9 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 8 വരെയുമാണ് വായനശാലയുടെ പ്രവർത്തന സമയം. ഞായറാഴ്ചകളിൽ വൈകിട്ട് 4 മുതൽ 8 വരെ മാത്രവും, തിങ്കളാഴ്ച അവധിയും.
ആഴ്ചയിൽ കേവലം 34 മണിക്കൂർ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെങ്കിലും ഇവിടുത്തെ ജീവനക്കാരുടെ മാസ ശമ്പളം കേട്ടാൽ നമ്മൾ അക്ഷരം വിഴുങ്ങിപ്പോകും. ഒരു ലൈബ്രറേറിയനും വാച്ച്മാനും കൂടി മുക്കാൽ ലക്ഷം രൂപ !
മുമ്പ് ഏഴായിരത്തോളം മെമ്പർമാരുണ്ടായിരുന്നു. പലരും മരിച്ചു പോവുകയും ചിലരൊക്കെ വായനശാലയുടെ ''കാര്യക്ഷമമായ പ്രവർത്തനം കാരണം ' അംഗത്വം പുതുക്കാതിരിക്കുകയും ചെയ്തു. ഇപ്പോൾ കൃത്യമായെത്തി പുസ്തകമെടുക്കുകയും വായിക്കുകയും ചെയ്യുന്നവരുടെ എണ്ണം മുന്നൂറിൽത്താഴെ മാത്രം.

ഇരുപതിനായിരത്തിൽപ്പരം പുസ്തകങ്ങൾ
അടുത്തിടെ ഡിജിറ്റിലൈസ് ചെയ്തു
ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും
നടത്തിപ്പിനായി മാസം ഒരു ലക്ഷം രൂപ


സ്വന്തം വായനശാല നന്നാക്കണം
മീനച്ചിൽ താലൂക്ക് ഗ്രന്ഥശാലാസംഘം സെക്രട്ടറിയായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം പ്രതിനിധി റോയി ഫ്രാൻസീസ് നഗരസഭാ കൗൺസിലറും പ്രതിപക്ഷനേതാവുമാണ്. ഇദ്ദേഹത്തിനു മുന്നിൽ വായനക്കാർ വയ്ക്കുന്ന അപേക്ഷ. ആദ്യം സ്വന്തം വായനശാല നന്നാക്കണം നേതാവേ.


അഖണ്ഡപുസ്തക പാരായണ സമരം
മുനിസിപ്പൽ വായനശാലയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ' അഖണ്ഡ പുസ്തകപാരായണ' സമരത്തിന് ഒരുങ്ങുകയാണ് ബി.ഡി.ജെ.എസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി. ഇതു സംബന്ധിച്ചുള്ള കാര്യപരിപാടികൾ ഉടൻ ചേരുന്ന നിയോജക മണ്ഡലം കമ്മിറ്റിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്റ് പാലാ കെ.കെ.ഷാജി അറിയിച്ചു. വായനശാലാ ജീവനക്കാരുടെ പെരുമാറ്റത്തിൽ ഉൾപ്പെടെ മാറ്റം വരുത്തണമെന്നും പ്രവർത്തന സമയം ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് നഗരസഭാ ചെയർപേഴ്‌സണ് നിവേദനം നൽകിയിരുന്നു. പക്ഷേ പരാതികളും പരിഹാരമാർഗങ്ങളുമിപ്പോൾ ചവറ്റുകൊട്ടയിൽ വിശ്രമത്തിലാണ്.