ചങ്ങനാശേരി: സംസ്ഥാനത്തെ ആർട്ട്‌സ് ആൻഡ് സയൻസ്, സർക്കാർ കോളേജുകളിലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ബർക്കുമാൻസ് അവാർഡിന് പാലാ സെന്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും കെമിസ്ട്രി വിഭാഗം അദ്ധ്യാപകനുമായ ഡോ.സണ്ണി കുര്യാക്കോസ് അർഹനായി. എസ്.ബി കോളേജ് അലുംനി അസോസിയേഷൻ കുവൈറ്റ് ചാപ്ടർ ഏർപ്പെടുത്തിയ 22-ാമത് അവാർഡാണിത്. നാളെ രാവിലെ എസ്.ബി കോളേജിലെ മാർ കാവുകാട്ട് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ റിട്ട. സുപ്രീംകോടതി ജസ്റ്റീസ് കുര്യൻ ജോസഫ് അവാർഡ് സമ്മാനിക്കും. കോളേജ് മാനേജർ മോൺ. തോമസ് പാടിയത്ത് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു, അവാർഡ് കമ്മിറ്റി സെക്രട്ടറി ഡോ. പി.ജെ. തോമസ് എന്നിവർ പ്രസംഗിക്കും. കോളജിലെ മലയാളവിഭാഗം മുൻ മേധാവിയും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ. സ്‌കറിയ സക്കറിയയെ ആദരിക്കും.