കോട്ടയം: മെഡിക്കൽ കോളേജ് - ഇ.എസ്.ഐ റോഡിലെ അനധികൃത കച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ റോഡിൽ പ്രവർത്തിച്ചിരുന്ന അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചത്. റോഡിലേയ്‌ക്കിറങ്ങി കടകൾ പ്രവർത്തിപ്പിച്ചത് അപകടങ്ങൾക്ക് കാരണമായിരുന്നു. ഇതേ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗവും പൊലീസിനും ചേർന്ന് കച്ചവടക്കാരെ ഒഴിപ്പിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെ മെഡിക്കൽ കോളേജ് റോഡിലായിരുന്നു ഒഴിപ്പിക്കൽ നടപടികൾ. കുമാരനല്ലൂർ നഗരസഭ മേഖലാ ഓഫിസിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.എ തങ്കം , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്യാം കുമാർ, ജീവൻ ലാൽ , രഞ്ജു എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
മെഡിക്കൽ കോളേജിനു മുന്നിലും ബസ് സ്റ്റാൻഡിലുമുള്ള അനധികൃത കടകൾ നേരത്തെ ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു.
മെഡിക്കൽ കോളേജ് മുതൽ ഇ.എസ്.ഐ ആശുപത്രി വരെയുള്ള റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽ പെട്ടിരുന്നു. അനധികൃതമായി നിർമ്മിച്ച കടകൾ മൂലം കാഴ്ച മറഞ്ഞതാണ് ആണ് അപകടത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം നടപടിയെടുത്തത്. റോഡിലേയ്‌ക്കു കടകൾ കയ്യേറി കച്ചവടം നടത്തുന്നതിനാൽ നിരന്തരം കാൽനടയാത്രക്കാരും, ഇരുചക്ര വാഹന യാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ നഗരസഭ കുമാരനല്ലൂർ സോണിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ റോഡരികിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ നടപടിയെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജിനു മുന്നിലും ബസ് സ്റ്റാൻഡിലുമുള്ള അനധികൃത കടകൾ നേരത്തെ ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു.
അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കും
മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കും. ശക്തമായ നടപടികൾ ഉണ്ടാകും.
ഡോ.പി.ആർ സോന
നഗരസഭ അദ്ധ്യക്ഷ