വൈക്കം: നഗരസഭയുടെ മുന്നിൽ നഗരവാസികൾക്ക് മരണമില്ല. വർഷങ്ങൾക്ക് മുൻപ് വിടപറഞ്ഞ പലരും നഗരസഭയുടെ വോട്ടർ പട്ടികപ്രകാരം ഇന്നും 'ജീവനോടെയിരിക്കുന്നു"...തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 26 വാർഡിലേയും കരട് വോട്ടർ പട്ടിക പുറത്തിറക്കിയപ്പോൾ 2015 ലെ ലിസ്റ്റനുസരിച്ച് ഓരോ വാർഡിലെയും വോട്ടർ പട്ടികയിൽ ശരാശരി അൻപതിനടുത്ത് പേരുകൾ മരണമടഞ്ഞവരുടേത് !. നഗരസഭാ പരിധിക്കുള്ളിൽ വരുന്ന ഓരോ മരണവും പതിനഞ്ച് ദിവസത്തിനുള്ളിൽ നഗരസഭ ഓഫീസിൽ രജിസ്റ്റർ ചെയ്യുന്നതാണ്. ഇതനുസരിച്ച് വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്താൻ യാതൊരു പ്രയാസവുമില്ലെന്നിരിക്കെയാണ് മരിച്ചവർ പട്ടികയിൽ തുടരുന്നത്. തിരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് വാർഡിലെ രണ്ട് പേർ ആക്ഷേപമുന്നയിച്ചാൽ മാത്രമേ അതേക്കുറിച്ച് അന്വേഷിച്ചും ഹിയറിംഗ് നടത്തിയും പേര് നീക്കം ചെയ്യാൻ കഴിയൂവെന്നാണ് അധികൃതരുടെ ന്യായം. നഗരസഭയുടെ ജനന മരണ രജിസ്റ്ററിൽ അവർക്ക് തന്നെ അത്ര വിശ്വാസം പോര!
പത്ത് വർഷം മുൻപ് അന്തരിച്ച മുൻ ചെയർപേഴ്സണും രാഷ്ട്രീയ നേതാക്കളും കലാരംഗത്തെ പ്രമുഖരുമെല്ലാം മരിച്ചിട്ടും നഗരസഭയുടെ വോട്ടർ പട്ടികയിൽ ഇന്നും ജീവനോടെയുണ്ട്. നഗരസഭ പ്രതിപക്ഷ നേതാവായിരിക്കെ അടുത്തിടെ അന്തരിച്ച അഡ്വ.വി.വി.സത്യന്റെ വാർഡിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുമുണ്ടായിരുന്നു.