കോട്ടയം: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി, കനേഡിയൻ റെഡ്‌ക്രോസിന്റെ സഹായത്തോടെ കുമരകം ഗ്രാമ പഞ്ചായത്തിലെ പതിനാറു വാർഡുകളിലായി അറുനൂറിലധികം ടോയ്‌ലറ്റുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. രണ്ടരകോടി രൂപയാണ് ചെലവ്. പദ്ധതി പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകാനായി എൻജിനീയർമാരും, കനേഡിയൻ പ്രതിനിധികളും, വോളന്റീയർമാരും ഉൾപ്പെടുന്ന പ്രോജക്ട് ടീം കോട്ടയം റെഡ്‌ക്രോസ്, കേരള റെഡ്‌ക്രോസ് സംസ്ഥാന ഘടകവുമായി ചേർന്ന് സജ്ജമാക്കിയിട്ടുണ്ട്. ഇവർക്ക് പിന്തുണ നൽകാനായി പഞ്ചായത്തു മെമ്പർമാർ അടങ്ങുന്ന നിർമ്മാണ കമ്മിറ്റികൾ രൂപീകരിച്ചു. ഈ പദ്ധതി വഴി കുമരകത്തെയും വേമ്പനാട്ടു കായലിനെയും സമീപ ജലസ്രോതസുകളേയും ഒരു പരിധിവരെ മാലിന്യമുക്തമാക്കാൻ സാധിക്കും. ഇതിനോടനുബന്ധിച്ച് ജില്ലാ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുമരകത്ത് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി കോട്ടയം റെഡ്‌ക്രോസിന്, നാഗമ്പടത്തു നിലവിലുള്ള കെട്ടിടം നവീകരിക്കുവാനുള്ള പദ്ധതിയിലും കനേഡിയൻ റെഡ്‌ക്രോസ് സാമ്പത്തിക സഹായം നൽകി. ദുരിതാശ്വാസ സാധന സാമഗ്രികൾ സൂക്ഷിക്കുന്നതിനും ട്രെയിനിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യവും മറ്റും ഈ കെട്ടിടത്തിൽ സജ്ജീകരിക്കും.