ഈരാറ്റുപേട്ട : മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ മലയോരപ്രദേശമായ ഇരുമാപ്ര, മങ്കൊമ്പ് വെള്ളറ നെല്ലാപ്പാറ പ്രദേശങ്ങളിൽ 250 ഏക്കർ കൃഷിസ്ഥലം കത്തിനശിച്ചു. ടാപ്പ് ചെയ്യാറായ റബർ തോട്ടങ്ങൾ വാഴ, ഇഞ്ചി, കുരുമുളക് ഉൾപ്പെടെയുള്ള കൃഷികളാണ് നശിച്ചത്. ആമക്കാട്ട് സാബുവിന്റെ വീട് നിശംഷം കത്തിനശിച്ചു. ഇരുമാപ്ര സി.എസ്.ഐ പള്ളിക്ക് സമീപം വൈദ്യുതിലൈൻ കൂട്ടിമുട്ടിയതാണ് തീപിടിത്തത്തിന് കാരണമെന്ന് പറയുന്നു. ഇരുമാപ്ര പള്ളിവക 40 ഏക്കർ കൃഷി സ്ഥലം, ഇരുമാപ്ര താഴത്തേൽ ജയ്‌സന്റെ കൃഷിയിടം, മുതുപ്ലാക്കൽ ബന്നി തെക്കേപ്പറമ്പിൽ ജോസ്, കാവനശ്ശേരിൽ തോമസ്, കാവനശ്ശേരിൽ ചാക്കോ, തടത്തനാനിക്കൽ ജോസ് എന്നിവരുടെ കൃഷിസ്ഥലങ്ങളാണ് ഇരുമാപ്രയിൽ കത്തി നശിച്ചത്. മങ്കൊമ്പ് വെള്ളറ, നെല്ലാപ്പാറ പ്രദേശങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ കുളത്തിനാൽ കുഞ്ഞ്, കുഴിക്കാത്തൊട്ടിൽ തങ്കമ്മ, കണ്ടത്തിൽ ദേവസ്യ നടുവിലേപ്പുര ജോസ് അരിമാക്കൽ ജോയ് തെക്കേപ്പറമ്പിൽ ജോസ് പാറശ്ശേരിൽ ജോർജ് എന്നിവരുടെ കൃഷിസ്ഥലമാണ് നശിച്ചത് . ഈരാറ്റുപേട്ട, പാലാ, കോട്ടയം, മൂലമറ്റം പാമ്പാടി, മൂവാറ്റുപുഴ എന്നിവടങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയിട്ടും തീ നിയന്ത്രണവിധേയമാക്കാനായില്ല.