കോട്ടയം: ജോലിയ്‌ക്കു ശേഷം ഓഫീസിൽ നിന്നു പുറത്തിറങ്ങിയ മുത്തൂറ്റ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് നഗരത്തിൽ സംഘർഷം. ഇന്നലെ വൈകിട്ട് ആറു മണിയോടെ ടി.ബി റോഡിലായിരുന്നു സംഭവം. മൂന്നു മുത്തൂറ്റ് ജീവനക്കാർ സഞ്ചരിച്ച വാഹനം സി.ഐ.ടി.യു പ്രവർത്തകർ തടയുകയായിരുന്നു. ഡ്രൈവറെയും ജീവനക്കാരെയും മർദ്ദിക്കുകയും ചെയ്തു.
സംഭവം കണ്ട് വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയതോടെ സി.ഐ.ടി.യു പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞു. ഇതിനിടെ പൊലീസ് സാഹസികമായി ജീവനക്കാരുടെ വാഹനം കടത്തി വിട്ടു. 15 മിനിറ്റോളം എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. വെസ്റ്റ് പൊലീസ് കേസെടുത്തു.