പാലാ : ഹെഡ് പോസ്റ്റ് ഓഫീസിൽ ശനിയാഴ്ച സുകന്യ സമൃദ്ധിമേള സംഘടിപ്പിക്കും. രാവിലെ 9 മുതൽ 4 വരെ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. പെൺകുട്ടികളുടെ വിവാഹ വിദ്യാഭ്യാസ ആവശ്യത്തിനായി കേന്ദ്ര ഗവൺമെന്റ് 2015 ൽ നടപ്പിലാക്കിയ പദ്ധതിയാണ് സുകന്യ സമൃദ്ധിയോജന.
10 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കാണ് പദ്ധതിയിൽ ചേരാൻ അവസരം. ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധിയിൽ അംഗങ്ങളാവാം. ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. പരമാവധി ഒരു വർഷം ഒന്നരലക്ഷം രൂപ നിക്ഷേപിക്കാം. ആദായ നികുതി ഇളവ് ലഭിക്കും.18 വയസ്സ് പൂർത്തിയായാൽ ഉന്നത വിദ്യാഭ്യാസത്തിന് പകുതി പണം പിൻ വലിക്കാം.കുട്ടിയുടെ വിവാഹ സമയത്ത് പലിശയും കൂട്ടു പലിശയും സഹിതം മുഴുവൻ പണവും തിരികെ ലഭിക്കും. 8.4 ശതമാനമാണ് പലിശനിരക്ക്. പദ്ധതിയിൽ ചേരുന്നതിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി, രക്ഷകർത്താവിന്റെ ആധാർ കാർഡ് കോപ്പി , 2 ഫോട്ടോ , 250 രൂപ എന്നിവ കൊണ്ടുവരണം. പ്ലാസ്റ്റിക് ഉപേക്ഷിക്കൂ പ്രകൃതിയെ രക്ഷിക്കൂ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി മേളയിൽ ആദ്യം എത്തുന്ന നൂറ് പേർക്ക് സൗജന്യമായി ആകർഷകമായ തുണി സഞ്ചി വിതരണം ചെയ്യും.