പാലാ: 'വെള്ളപ്പൊക്കമേ, ഇനി നിനക്ക് എന്നെ തൊടാനാവില്ല... ' പുലിയന്നൂരിലെ വാഴേട്ട് വീടിന്റേതാണ് ഈ വെല്ലുവിളി. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കങ്ങളും മുറ്റത്തെ മൂന്നടിയോളം മുക്കിത്താഴ്ത്തിയ വീടിനെ ഇനിയുള്ള വെള്ളപ്പൊക്കക്കെടുതികളിൽ നിന്നു രക്ഷിക്കാനുള്ള ശ്രമത്തിലാണ് വീട്ടുടമ രാജേഷ് ബാബുവും ഭാര്യ സോണിയും. ഇപ്പോൾ വെള്ളത്തിനു തൊടാനാവാത്ത വിധം വീട് ഉയർന്നു കൊണ്ടിരിക്കുന്നു!
കേരളത്തിൽ വീട് പൊക്കൽ പുതുമയുള്ള കാര്യമല്ലെങ്കിലും പാലാക്കാർക്കിത് പുതുമയാണ്.
12 വർഷം മുമ്പ് 40 ലക്ഷത്തിൽപ്പരം രൂപാ മുടക്കി പണിത അഞ്ചു ബെഡ് റൂം രണ്ടു നിലവീടാണ് ഇപ്പോൾ എറണാകുളത്തുള്ള ഒരു സ്വകാര്യ കമ്പനി ഉയർത്തുന്നത്. 25 ലക്ഷം രൂപയാണ് ചെലവ്.
രണ്ടാഴ്ചയായി നൂറിൽപ്പരം വലിയ ജാക്കികൾ വച്ച് ഒരേ സമയം പതിയെ പതിയെ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം സിമന്റ് കട്ടയും മറ്റുമിട്ട് ബലപ്പെടുത്തുകയും ചെയ്യുന്നു. വിദഗ്ദ്ധരായ മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിനു പിന്നിൽ. ഇപ്പോൾ മൂന്നര അടിയോളം ഉയർന്നു കഴിഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഒരടി കൂടി ഉയർത്തും. നാലരയടി ഉയർത്താനാണ് കരാർ.
കഴിഞ്ഞ രണ്ട് വെള്ളപ്പൊക്കക്കാലത്തും വീടിന്റെ മുറ്റത്ത് മൂന്നരയടിയോളം വെള്ളമുണ്ടായിരുന്നു.
വീട് ഉയർത്തിയതോടെ ഇനി അത്ര വെള്ളം വന്നാലും മുറ്റത്തിന്റെ താഴെ വന്ന് വീട് കണ്ടിട്ട് പോയെങ്കിലായി. നേവൽ ആർക്കിടെക്ടായ രാജേഷ് ബാബുവും കുടുംബവും ദുബായിലായിരുന്നു ഇത്ര നാൾ. വീട് വച്ചിട്ട് 12 കൊല്ലമായെങ്കിലും ഇവർ ഇവിടെ താമസിച്ചിരുന്നില്ല. അടുത്തിടെ ഭാര്യ സോണിയും മക്കൾ നന്ദിനിയും രാഹുലും നാട്ടിലേക്കു പോന്നു. വീട് ഉയർത്തി പുനർ നിർമ്മാണം പൂർത്തിയായാലുടൻ ഇവിടെ താമസിച്ചു തുടങ്ങുമെന്ന് സോണി പറഞ്ഞു. പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള വീട് അപ്പാടെ ഉയർത്തുന്ന കാര്യം നാട്ടിൽ പാട്ടായതോടെ കാണാൻ നിരവധി പേരാണ് ദിവസവും എത്തുന്നത്.