വൈക്കം: താലൂക്കിലെ മറ്റുവില്ലേജുകളെ അപേക്ഷിച്ച് ഉയർന്ന ന്യായവിലയുള്ള വെച്ചൂർ വില്ലേജിലെ ഭൂമിയുടെ ന്യായവില അപാകതകൾ പരിഹരിച്ച് അടിയന്തിരമായി പുനർണയിക്കുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. ഇതുസംബന്ധിച്ച് സി.കെ ആശ എം.എൽ.എ മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമായത്. അപ്പർകുട്ടനാടൻ കൃഷിയിടങ്ങളും അവികസിതമായ പ്രദേശങ്ങളും ഉൾപ്പെടുന്ന ഗ്രാമപ്രദേശമായ വെച്ചൂരിൽ ഭൂമിക്ക് നിശ്ചയിച്ചിരിക്കുന്ന ന്യായവില വിപണി വിലയേക്കാൾ കൂടുതലാണ്. ഇതുമൂലം ഭൂമി വിൽപ്പന നടത്താൻ പോലും കഴിയാതെ വലിയ ബുദ്ധിമുട്ടാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. നിലവിലെ ന്യായവില പ്രകാരം പ്രധാന റോഡിനിരുവശവും നിശ്ചയിച്ചിരിക്കുന്ന ന്യായവില തന്നെയാണ് ഉൾപ്രദേശങ്ങളിലെ നിലമായ പ്രദേശങ്ങൾക്കും നിശ്ചയിച്ചിരിക്കുന്നത്. വെച്ചൂർ വില്ലേജിലെ പകുതിയിലധികം സർവേ നമ്പറിൽപ്പെട്ട വസ്തുക്കളും കരിനിലത്തിൽ ഉൾപ്പെട്ട കൃഷി ഭൂമിയാണ്. വസ്തുക്കളുടെ വില നിശ്ചയിക്കുമ്പോൾ വസ്തുവിന്റെ വാണിജ്യപ്രാധാന്യം, പൊതുമരാമത്ത് റോഡ്, പഞ്ചായത്ത് റോഡ് സൗകര്യം, തരിശുനിലം എന്നിങ്ങനെ ഇനംതിരിച്ച് ഇതുവരെ ന്യായവില ഇതുവരെ നിശ്ചയിച്ചിട്ടില്ല. മാത്രമല്ല ഈ വില്ലേജിന്റെ അതിർത്തി പങ്കിടുന്ന കല്ലറ, തലയാഴം, ആർപ്പൂക്കര, അയ്മനം തുടങ്ങിയ വില്ലേജുകളിലെ ന്യായവിലയുമായി താരതമ്യം ചെയ്യുമ്പോൾ വെച്ചൂർ വില്ലേജിലെ വസ്തുവിന്റെ ന്യായവില വളരെ ഉയർന്നതാണ്. ഈ സാഹചര്യം കണക്കിലെടുത്ത് വെച്ചൂരിലെ ഭൂമിയുടെ ന്യായവില പുനർനിർണയിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഭൂമിയുടെ നിലവിലെ ന്യായവില നിർണയത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉപകാറ്റഗറികൾ കൂടി പരിഗണിച്ച് ഭൂമിയുടെ ന്യായവില നിർണയിക്കുന്നതിനുള്ള പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി മറുപടി പറഞ്ഞു. എന്നാൽ സംസ്ഥാനതലത്തിൽ ഇതു നടപ്പിലാക്കാൻ വരുന്ന കാലതാമസം വെച്ചൂരിലെ സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന് സി.കെ ആശ മന്ത്രിയെ നേരിട്ടു ബോദ്ധ്യപ്പെടുത്തി. തുടർന്നാണ് വെച്ചൂർ വില്ലേജിലെ ന്യായവില പുനർനിർണയത്തിന് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയത്.