മണിമല: പൊന്തൻപുഴ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളുടെ പട്ടയപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ആലപ്ര വനാതിർത്തി സർവേ നടത്താൻ വകുപ്പ് മന്ത്രിയുടെ ഉത്തരവ്. സർവേ പൂർത്തിയായാൽ ആലപ്ര,പൊന്തൻപുഴ,വളകോടി ചതുപ്പ്,വഞ്ചികപ്പാറ എന്നിവിടങ്ങളിലുള്ളവർക്ക് പട്ടയം നൽകുന്ന നടപടികളിലേയ്ക്ക് കടക്കും.

ഒന്നര നൂറ്റാണ്ടായി കൈവശത്തിലുള്ള ഭൂമി വനപ്രദേശത്ത് ഉൾപ്പെട്ടതാണെന്ന വാദം ഉയർത്തി ഇവർക്ക് പട്ടയം നിഷേധിക്കുകയാണ് വനംവകുപ്പ്. വനഭൂമി ഒഴിച്ചുള്ള കൃഷി ഭൂമി 253 ഏക്കറുണ്ട്. വനം വകുപ്പിന്റെ കൈവശമുള്ള പൊന്തൻപുഴ ആലപ്ര റിസർവ് വനത്തിന്റെ വിസ്തീർണം സംബന്ധിച്ചും അതിർത്തി സംബന്ധിച്ചും ആധികാരിക രേഖകൾ ഇല്ല.

വനം വകുപ്പിന്റെ അവകാശവാദങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ആലപ്ര കൈവശ കർഷക സമിതി വനം- റവന്യൂ മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന് സി.പി.ഐ.നേതാക്കളായ സി.കെ. ശശിധരൻ, വി.ബി.ബിനു, പി.കെ.കൃഷ്ണൻ,വി.കെ.സന്തോഷ്‌കുമാർ,എ.ഐ.വൈ.ഫ് സംസ്ഥാന സമിതി അംഗം വി.എസ്. ശരത് എന്നിവർ മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. വനത്തിന്റെ അതിർത്തി സർവേയ്ക്ക് ശേഷം കൃഷി ഭൂമിക്ക് പട്ടയം നൽകും. കൈയേറ്റമുണ്ടെങ്കിൽ ഒഴിപ്പിക്കുകയും ചെയ്യാം.

കൃഷി ഭൂമി

253 ഏക്കർ

ഇതാണ് പ്രശ്നകാരണം

തിരുവിതാംകൂർ സർക്കാർ 1907ൽ പ്രാഥമിക വിജ്ഞാപനത്തിലൂടെ ഏറ്റെടുത്തതാണ് ആലപ്ര റിസർവ് വനം. വിജ്ഞാപനത്തിൽ പഴയ സർവ്വേ 111/1ൽ ഉൾപ്പെട്ട ഏകദേശം 2000 ഏക്കർ സ്ഥലം വനമായി പ്രഖ്യാപിച്ചു. എന്നാൽ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ മിനക്കെട്ടുമില്ല. അതോടെ വനാതിർത്തിയിൽ ഉള്ളവർക്ക് പട്ടയം സ്വപ്നമായി.