കോട്ടയം : മലയോരമേഖലയിൽ അഗ്നിബാധയുണ്ടായാൽ നഷ്ടവും ദുരന്തവ്യാപ്തിയും എത്ര വലുതായിരിക്കുമെന്ന് വ്യക്തമാക്കുന്നതാണ് മൂന്നിലവിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തം. മൂന്നിലവിൽ ഉൾപ്പെടെ രണ്ട് ദിവസത്തിനിടെ ജില്ലയിൽ 300 ഏക്കർ കൃഷി ഭൂമി കത്തിചാമ്പലായപ്പോൾ നഷ്ടത്തിന്റെ ആഴവും പരപ്പും വർദ്ധിക്കുകയാണ്. വേനൽചൂടും അശ്രദ്ധയും അഗ്നിബാധയ്ക്ക് വഴിവയ്ക്കുമ്പോൾ നിലംതൊടാൻ പറ്റാത്ത അവസ്ഥയിലാണ് ജില്ലയിൽ അഗ്നിശമനസേന.
അഗ്നിബാധയിൽ കോടികളുടെ കൃഷിനാശമാണ് ഏതാനും ദിവസങ്ങൾക്കിയിൽ ജില്ലയിൽ ഉണ്ടായിരിക്കുന്നത്. മൂന്നിലവിൽ ഇരുമാപ്ര, വെള്ളറ, നെല്ലാപ്പാറ, കടപുഴ എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച ആരംഭിച്ച അഗ്നിബാധ ഇനിയും പൂർണമായി ശമിച്ച മട്ടില്ല. കടുത്ത കാറ്റാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഇരുന്നൂറോളം ഏക്കർ തോട്ടവും ഒരു വീടും ഇതിനകം ഇവിടെ കത്തിനശിച്ചിട്ടുണ്ട്. റബ്ബർ, തെങ്ങ്, വാഴ, കപ്പ, പ്ലാവ് തുടങ്ങിയ വിളകൾ പൂർണമായും നശിച്ചു. നാശനഷ്ടത്തിന്റെ കണക്ക് വിലയിരുത്താനായിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെ വെള്ളറ സി.എസ്.ഐ. പള്ളിക്ക് സമീപത്തെ കുന്നിൻ ചരുവിലാണ് ആദ്യം തീപിടിച്ചത്. വൈദ്യുതികമ്പികൾ കൂട്ടിയിടിച്ച് തീ വീണ് പടരുകയായിരുന്നുവെന്നാണ് നിഗമനം. കണ്ടത്തിൽ ദേവസ്യാ, നടുവിലേപ്പുര ജോസ്, അരിമാക്കൽ ജോയി, കുളത്തിനാൽ കുഞ്ഞ്, കുഴിക്കാതൊട്ടിയിൽ തങ്കമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടമാണ് കത്തിനശിച്ചത്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇരുമാപ്രയിൽ തീ പടർന്നത്. ഇരുമാപ്ര സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളി, വാരാശേരി ജോർജ്, പന്തക്കല്ലേൽ ഡേവിഡ്, കവനാശേരി തോമസ്, സെബാസ്റ്റ്യൻ, ചാക്കോച്ചൻ, തെക്കേപറമ്പിൽ ജോസ്, മുണ്ടപ്ലാക്കൽ ബന്നി, ഇളംതുരുത്തിയിൽ അനിൽ, താഴത്തേൽ ജയ്‌സൺ, തടത്തിലാനിക്കൽ ജോസ് എന്നിവരുടെ തോട്ടമാണ് കത്തിനശിച്ചത്. കവനാശേരി തോമസിന്റെ വീടും പൂർണമായും കത്തിനശിച്ചു. ശക്തമായി തുടരുന്ന കാറ്റിൽ സി.എസ്.ഐ. പള്ളി വികാരി ജോസ് ഫിലിപ്പിന്റെ വീട്, ഇരുമാപ്ര അങ്കണവാടി, സി.എം.എസ്. സ്‌കൂൾ എന്നിവയ്ക്കും കേട് സംഭവിച്ചു. നെല്ലാപ്പാറയിലുണ്ടായ തീപിടിത്തത്തിൽ സിബി കുരിശുങ്കൽ പറമ്പിൽ, ജോഷി വടക്കേമുറി, ചാൾസ് പുന്നത്താനിയിൽ എന്നിവരുടെയും കടപുഴയിൽ നിബു മറ്റത്തിൽ, കെ.വി. ജോസഫ് കണിയാംകണ്ടം എന്നിവരുടെയും തോട്ടം നശിച്ചു. പ്രദേശത്ത് ഗതാഗത സൗകര്യം കുറവായത് കാരണം തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമനസേനയ്ക്ക് നന്നേ പാടുപെടേണ്ടിവന്നു.
അതേസമയം, കാവുംകണ്ടത്ത് 50 ഏക്കർ ഭൂമി കത്തിനശിച്ച സംഭവത്തിൽ പാറമട ലോബിയുടെ പങ്ക് നാട്ടുകാർ തറപ്പിച്ചുപറയുകയാണ്. കാവുംകണ്ടം മൈലാടുംപാറ നീലിമലയിലാണ് അഗ്നിബാധയുണ്ടായത്. ഈ പ്രദേശത്ത് ഏക്കർകണക്കിന് ഭൂമി പാറമട ലോബിയുടെ ഉടമസ്ഥതയിലാണ്. ചില പുരയിടങ്ങൾക്ക് വില പറഞ്ഞെങ്കിലും കച്ചവടം നടന്നില്ല. ഈ പുരയിടങ്ങൾ മാത്രമാണ് കത്തിയമർന്നത് എന്നത് സംശയങ്ങൾക്ക് ഇടംനൽകുന്നു. പുഞ്ചവയൽ മേഖലയിൽ വനഭൂമിയിൽ തീപിടുത്തമുണ്ടായി. ഇവിടെ വനത്തിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ചാണ് അഗ്നിശമനസേന തീ നിയന്ത്രണനിധേയമാക്കിയത്. കനത്ത ചൂട് ഇതേനിലയിൽ തുടർന്നാൽ അഗ്നിബാധകൾ ഇനിയും ഉണ്ടാകുമെന്നാണ് ഫയർഫോഴ്സ് നൽകുന്ന സൂചന.