കോട്ടയം: ദേശാഭിമാനി ടി.കെ. മാധവന്റെ നേതൃത്വത്തിൽ നടന്ന തിരുവാർപ്പ് സഞ്ചാര സ്വാതന്ത്ര്യ സമരത്തിന്റെ 93-ാം വാർഷികാഘോഷങ്ങൾ ടി.കെ. മാധവന്റെ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ 16ന് തിരുവാർപ്പ് ക്ഷേത്രമൈതാനിയിൽ നടക്കും. സമരത്തിന്റെ തുടർച്ചയായി മഹാത്മാഗാന്ധി തിരുവാർപ്പ് സന്ദർശിക്കുകയും ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യുകയുണ്ടായി. ഗാന്ധിജിയുടെ സന്ദർശനത്തിന്റെ 83-ാം വാർഷികാഘോഷങ്ങൾ,​ ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികാഘോഷം എന്നിവയോടൊപ്പം ഉച്ചയ്ക്ക് 1 മണി മുതൽ ടി.കെ. മാധവൻ സ്മാരക സ്വർണ്ണ മെഡൽ അഖിലകേരള പ്രസംഗമത്സരം,​ സബ് ജൂനിയർ,​ ജൂനിയർ,​ സീനിയർ വിഭാഗങ്ങളിൽ നടക്കും. വൈകിട്ട് 4.30 മുതൽ പ്രശസ്ത കാൻസർ രോഗ ചികിത്സകൻ ഡോ.വി.പി. ഗംഗാധരൻ രോഗികളുടെ സംശയങ്ങൾക്ക് മറുപടി നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി വർദ്ധിച്ചു വരുന്ന അക്രമങ്ങൾക്കെതിരെ അസി. കളക്ടർ ശിഖ സുരേന്ദ്രന്റെ നേതൃത്വത്തിൽ വനിതാ ജനപ്രതിനിധികളുടെ കൂട്ടായ്മയിൽ നിർഭയജ്വാല തെളിക്കും. തുടർന്ന് സമൂഹജ്വാല പരിസരമാകെ തെളിയിച്ചുകൊണ്ട് ഐക്യദാർഢ്യ പ്രതിജ്ഞ എടുക്കും. വൈകിട്ട് 6 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡോ.വി.പി. ഗംഗാധരന് ടി.കെ. മാധവൻ പുരസ്കാരം നൽകും. സുരേഷ് കുറുപ്പ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് എ.എം.ബൈജു അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി വി.എം. വാസവൻ,​ സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ മെമ്പർ അഡ്വ. വി.ബി. ബിനു,​ ബി.ജെ.പി ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കെ.എം.സി ഓർക്കസ്ട്രയുടെ വയലാർ ഗാനസന്ധ്യ.