ചങ്ങനാശേരി : പാറമടകളിൽ നിന്ന് പൊട്ടിക്കുന്ന കരിങ്കല്ല് പുറത്തു കൊടുക്കാതെ ക്രഷർ യൂണിറ്റിലേക്ക് മാത്രമായി ഉപയോഗിക്കുന്നത് ആയിരക്കണക്കിന് തൊഴിലാളികളെയും നിർമ്മാണമേഖലയെയും പ്രതിസന്ധിയിലാക്കുന്നു. ചങ്ങനാശേരി താലൂക്കിൽ നിരവധി പാറമടകളാണ് പ്രവർത്തിക്കുന്നത്. നാമമാത്രമായ മടകളിൽ നിന്നാണ് നിലവിൽ കല്ല് പുറത്തു കൊടുക്കുന്നത്. വൻകിട ക്രഷർ യൂണിറ്റുകൾ എംസാൻഡ്, ചിപ്സ്, മെറ്റിൽ തുടങ്ങിയവയാണ് വില്പന നടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികളടക്കം മടകളിൽ ജോലിക്കായി എത്തിയതോടെ നാട്ടിലുള്ള നിരവധി പേർക്കാണ് തൊഴിൽ നഷ്ടമായത്. മാസം ഇരുപതിലേറെ തൊഴിൽ ദിനങ്ങൾ കിട്ടിയിരുന്നവർക്ക് നിലവിൽ പത്തിൽ താഴെ ദിവസങ്ങളിൽ മാത്രമാണ് ജോലിയുള്ളത്. ലോറി ഉടമകൾ, ഡ്രൈവർമാർ തുടങ്ങിയവരും പ്രതിസന്ധിയിലാണ്.

ലാഭം പാറ ഉല്പന്നങ്ങൾക്ക്

ഒരു ലോഡ് കരിങ്കല്ലിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം പാറ ഉത്പന്നങ്ങൾ വില്ക്കുമ്പോൾ ക്രഷർ യൂണിറ്റുകൾക്ക് ലഭിക്കും. കരിങ്കല്ല് ലോഡിന് 6000 രൂപയാണേൽ എംസാൻഡ് അടക്കമുള്ള പാറ ഉത്പന്നങ്ങൾ വില്ക്കുന്നത് 9000 രൂപയ്ക്ക് മുകളിലാണ്. അനധികൃതമായി പാറഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് അധികൃതരും കൂട്ടുനില്ക്കുകയാണെന്നാണ് ആക്ഷേപം.



മൈലുകൾ ഏറെ താണ്ടണം

ദൂരസ്ഥലങ്ങളിൽ നിന്നാണ് മിക്കവരും ഇപ്പോൾ കല്ല് വാങ്ങുന്നത്. ഇതിന് വണ്ടിക്കൂലിയുൾപ്പെടെ ഭീമമായ തുക നൽകണം. ഇതോടെ നിരവധി കെട്ടിടങ്ങളുടെ പണിയാണ് അനിശ്ചിത്വത്തിലായത്. കരിങ്കല്ല് ലഭിക്കണമെങ്കിൽ ഏറെ ദിവസം കാത്തിരിക്കേണ്ട ഗതികേടാണ്.