പാലാ : അത്‌ലറ്റിക്‌സ് രംഗത്ത് പാലായ്ക്ക് പുതിയ ഉണർവ് പകരാൻ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കോച്ചിംഗ് സ്‌കീമിന് സംസ്ഥാന സ്‌കൂൾ, സംസ്ഥാന ജൂനിയർ, സംസ്ഥാന ഇന്റർക്ലബ് മത്സരങ്ങളിൽ മികച്ച നേട്ടം. ഈ വർഷം നടന്ന സംസ്ഥാനതല മത്സരങ്ങളിൽ നിന്നായി 25 താരങ്ങൾ മെഡൽ ജേതാക്കളായി. മുപ്പതിലധികം താരങ്ങൾ സംസ്ഥാനതല മത്സങ്ങളിൽ പങ്കെടുത്തു. 4 താരങ്ങൾ നാഷണൽ മത്സരങ്ങളിൽ പങ്കെടുത്തു. മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എയ്ഡഡ് ഗവ. സ്‌കൂളുകളിലെ 50 കുട്ടികളെയാണ് സ്‌കീമീൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സൗജന്യമായി വിദഗ്ദ്ധ കായിക പരിശീലനവും, പ്രഭാത ഭക്ഷണവും സ്‌പോർട്‌സ് കിറ്റും നൽകുന്ന ഒരു പദ്ധതിയാണ് നിലവിലുള്ളത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ 6.30 മുതൽ 8.30 വരെയാണ് കായികപരിശീലനം. മെഡൽ ജേതാക്കളെ മുനിസിപ്പൽ ചെയർപേഴ്‌സൺ മേരി ഡൊമിനിക്, വൈസ്‌ചെയർമാൻ കുര്യാക്കോസ് പടവൻ എന്നിവർ അഭിനന്ദിച്ചു.