തെക്കുംമുറി ഗായത്രി സെൻട്രൽ സ്‌കൂളിൽ അഗ്‌നി സുരക്ഷാസെമിനാർ നടത്തി

പാലാ : കഴിഞ്ഞ ദിവസം ജില്ലയിലെ കിഴക്കൻ മലനിരകളിൽ വ്യാപകമായുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ ഫയർഫോഴ്‌സ് തുടർച്ചയായി പത്തു മണിക്കൂറോളം വിശ്രമമില്ലാതെ തീവ്രയത്‌നം നടത്തിയതായി പാലാ ഫയർസ്റ്റേഷൻ അസി. ഓഫീസർ കെ.എസ്. ബിജു പറഞ്ഞു. രാത്രി 10 മുതൽ രാവിലെ 8 വരെ ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് പാഞ്ഞുനടന്ന് തീകെടുത്തി. പലയിടത്തും ഫയർഫോഴ്‌സിന്റെ വാഹനം കടന്നു ചെല്ലാൻ പോലുമായില്ല. ഫയർസ്റ്റേഷൻ വോളണ്ടിയർമാരുടെയും പൊതു ജനങ്ങളുടെയും നിരന്തരമായ സഹകരണം കൊണ്ടാണ് ഒരു വിധമെങ്കിലും വലിയൊരു ഭൂപ്രദേശമാകെ പടർന്ന തീ നിയന്ത്രിക്കാനായതെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദിയും പാലാ ഫയർഫോഴ്‌സും ചേർന്ന് പുലിയന്നൂർ തെക്കുംമുറി ഗായത്രി സെൻട്രൽ സ്‌കൂൾ ആൻഡ് ജൂനിയർ കോളജിൽ നടത്തിയ അഗ്‌നി സുരക്ഷാ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്ന ജീവൽസേനയായ ഫയർഫോഴ്‌സിന്റെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും സഹകരിച്ചാൽ നാശനഷ്ടങ്ങൾ വളരെ കുറയ്ക്കാൻ കഴിയും. ചെങ്കുത്തായതും, ഇടുങ്ങിയതുമായ വഴിയിലൂടെ ഒരു തരത്തിലും ഫയർഫോഴ്‌സിന്റെ വണ്ടി മല കയറിച്ചെല്ലാത്തതിനെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിൽ ഫയർഫോഴ്‌സ് എത്തിയില്ലെന്ന് കുറ്റപ്പെടുത്തുന്നവർ സേന നടത്തുന്ന നിരവധി രക്ഷാപ്രവർത്തനങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. കുറ്റപ്പെടുത്താൻ വരട്ടെ, സഹായിക്കാൻ മുന്നോട്ടു വന്നാൽ ഏതു പ്രതിസന്ധിയും തരണം ചെയ്ത് നമുക്കൊരുമിച്ച് മുന്നോട്ടു നീങ്ങാമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഗായത്രി സ്‌കൂൾ അസി. മാനേജർ അഞ്ജലി ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. പാലാ ഫയർസ്റ്റേഷൻ എഫ്.ആർ.ഒ അനീഷ് കുമാർ ടി.ബി ക്ലാസെടുത്തു. അസി. സ്റ്റേഷൻ ഓഫീസർ ബിജു, സേനാംഗങ്ങളായ പി.എം.നിസ്സാമുദ്ദീൻ, അനീഷ് കുമാർ എന്നിവർ വിവിധ രക്ഷാപ്രവർത്തനങ്ങളുടെ ഡെമോൺസ്‌ട്രേഷൻ നടത്തി. സെമിനാറിനോടനുബന്ധിച്ച് 'കേരളകൗമുദി ' പുറത്തിറക്കിയ പ്രത്യേക പതിപ്പ്, സ്‌കൂൾ മാനേജർ അഞ്ജലി ഗണേഷ് കുമാർ, വിദ്യാർത്ഥി പ്രതിനിധികളായ കാശിനാഥ് രാജീവ്, ഗൗരി സ്വരൂപ് എന്നിവർക്ക് നൽകി ആർ. ബാബുരാജ് പ്രകാശനം ചെയ്തു. കേരളകൗമുദി പാലാ ലേഖകൻ സുനിൽ പാലാ, പരസ്യം എക്‌സിക്യുട്ടീവ് റോണി ബാബു, അദ്ധ്യാപിക പഞ്ചമി എസ്. കുറുപ്പ്, പി.എം.നിസ്സാമുദ്ദീൻ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എ.ആർ.ലെനിൻ മോൻ, സർക്കുലേഷൻ എക്‌സിക്യുട്ടീവ് എം.ആർ. ബിനീഷ്, എസ്.എൻ.ഡി.പി യോഗം തെക്കുംമുറി ശാഖാ പ്രസിഡന്റ് സതീഷ് പാലം പുരയിടം തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ ഷാനിൽ വി.പി സ്വാഗതവും, വൈസ് പ്രിൻസിപ്പൽ തനൂജാ .പി.നായർ നന്ദിയും പറഞ്ഞു.