പാലാ : ' ഇതാ പാചകവാതകക്കുറ്റിയിൽ നിന്ന് തീയാളുന്നു, ഞങ്ങൾ കാണിച്ച് തന്ന പോലെ ഇത് കെടുത്താൻ ധൈര്യമുള്ള ടീച്ചർമാരുണ്ടെങ്കിൽ ഉടൻ വേദിയിലേക്ക് വരിക' പാചകവാതകം തുറന്ന് വിട്ട് തീ കൊളുത്തിക്കൊണ്ട് പാലാ ഫയർസ്റ്റേഷൻ എഫ്. ആർ.ഒ അനീഷ് കുമാർ വിളിച്ചു പറഞ്ഞു. ഇന്നലെ പുലിയന്നൂർ തെക്കുംമുറി ഗായത്രി സെൻട്രൽ സ്‌കൂളിൽ പാലാ അഗ്‌നിശമന സേന അവതരിപ്പിച്ച പാചകവാതകക്കുറ്റിയ്ക്ക് തീപിടിച്ചാൽ എന്തു ചെയ്യണം എന്നതിന്റെ ഡെമോൺസ്‌ട്രേഷൻ ക്ലാസായിരുന്നു വേദി. വേദിയിലേക്ക് ആരു ചെല്ലുമെന്ന് എല്ലാവരും മുഖത്തോട് മുഖം നോക്കിനിൽക്കെ സ്റ്റാഫ് സെക്രട്ടറി കൂടിയായ മിനി ടീച്ചർ കടന്നുവന്നു. സദസിൽ നിന്ന് നിലയ്ക്കാത്ത കൈയടി. പ്രോത്സാഹനവുമായി മാനേജർ അഞ്ജലി ഗണേഷ് കുമാറും, പ്രിൻസിപ്പൽ ഷാനിലും. മിനി ടീച്ചർ പിന്നെ ഒന്നും നോക്കിയില്ല. അടുത്ത ബക്കറ്റിലെ വെള്ളത്തിലിട്ടിരുന്ന ചെറിയ പുതപ്പെടുത്ത് ടീച്ചർ തീ തുപ്പുന്ന പാചകവാതകക്കുറ്റി അപ്പാടെയങ്ങ് മൂടി. ഒപ്പം കുറ്റിയുടെ വാൽവും ഓഫാക്ക്കി. ഞൊടിയിടയിൽ തീ കെട്ടു ! ഒടുവിൽ അഗ്‌നിശമന സേനാംഗളുടെ അഭിനന്ദനവും.

ബഹുനില മന്ദിരങ്ങളിൽ തീപിടിച്ചാൽ മുകൾ നിലയിൽ കുടുങ്ങുന്നവരെ സാഹസികമായി കയറിൽ കുടുക്കി ഇറക്കുന്നത് സേനാംഗങ്ങൾ അവതരിപ്പിച്ചു. സ്‌കൂൾ മന്ദിരത്തിന്റെ രണ്ടാം നിലയിൽ നിന്ന് അഗ്‌നിശമന സേനാംഗം പി.എം.നിസ്സാമുദ്ദീനാണ് കയർ കുടുക്ക് വഴി താഴെ സ്‌കൂൾ മുറ്റത്തേക്ക് ഊർന്നിറങ്ങിയത്. മുകൾനിലയിൽ കുടുക്കിട്ട കയറിന്റെ രണ്ടറ്റത്തായി പാലാ അഗ്‌നിശമനസേന അസി. ഓഫീസർ കെ.എസ്.ബിജുവും, കേരളകൗമുദി പ്രതിനിധികളായ സുനിൽ പാലായും, റോണി ബാബുവും വലിച്ചു പിടിച്ചു. ഇവർ കയർ അയച്ചയച്ചു കൊടുത്തു. ലഘു തീകെടുത്തൽ പരിശീലന പരിപാടികളിൽ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തു. കുട്ടികളുടെ സംശയങ്ങൾക്ക് സേനാംഗങ്ങൾ മറുപടി നൽകി. പരിപാടികൾക്ക് അഗ്‌നിശമന സേന അസി. ഓഫീസർ കെ.എസ്. ബിജു, സേനാംഗങ്ങളായ ടി.ബി. അനീഷ് കുമാർ, നിസ്സാമുദ്ദീൻ, ഗായത്രി സ്‌കൂൾ പ്രതിനിധികളായ പ്രിൻസിപ്പൽ ഷാനിൽ വി.പി, മാനേജർ അഞ്ജലി ഗണേഷ് കുമാർ, വൈസ് പ്രിൻസിപ്പൽ തനൂജാ. പി. നായർ, അദ്ധ്യാപകരായ പഞ്ചമി.എസ്.കുറുപ്പ് , മിനി രാജൻ, ശശികല വി.എസ്.തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ അടികുറിപ്പ്.

പാചക വാതക കുറ്റിയിൽ നിന്നും പടർന്ന തീ , അധ്യാപിക മിനി രാജൻ നനഞ്ഞ പുതപ്പുപയോഗിച്ച് കെടുത്തുന്നു.