ചങ്ങനാശേരി: കിഴക്കൻമേഖലയിലേക്കുള്ള രാത്രികാല ബസ് സർവീസുകൾ കുറഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രാത്രി എട്ടര കഴിഞ്ഞാൽ വാഴൂർ ഒന്നാം നമ്പർ സ്റ്റാൻഡിൽ നിന്നും ട്രാൻസ്പോർട്ട് സ്റ്റാൻഡിൽ നിന്നും കിഴക്കൻ ബസുകൾ സർവീസുകൾ നടത്തുന്നില്ല. ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് 9.45ന് മണിമലയിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ 10.10ന് നെടുംകുന്നം ഭാഗത്തേക്കാണ് പോകുന്നത്. 10.10ന് ഉണ്ടായിരുന്ന പൊൻകുന്നം സർവീസും നിറുത്തി. രാത്രി 9.35ന് തോട്ടയ്ക്കാട് ഭാഗത്തേക്ക് പുറപ്പെട്ടിരുന്ന സ്വകാര്യ ബസും സർവീസ് നിറുത്തി. ചങ്ങനാശേരിയിൽ നിന്ന് കിഴക്കൻ മേഖലയിലേക്ക് പോകേണ്ടവർ കോട്ടയത്തെത്തി അവിടെ നിന്ന് ബസിൽ പോകേണ്ട അവസ്ഥയാണ് നിലവിൽ. വ്യാപാര സ്ഥാപനങ്ങളിലും ദീർഘദൂര സ്ഥലങ്ങളിൽ നിന്ന് ജോലി കഴിഞ്ഞെത്തുന്നവർക്കും രാത്രികാല സർവീസ് വളരെ ഉപകാരപ്രദമായിരുന്നു. ദീർഘദൂര യാത്ര കഴിഞ്ഞു കുടുംബമായി ചങ്ങനാശേരിയിൽ എത്തുന്നവർക്ക് പലപ്പോഴും ഗതാഗത കുരുക്കും മറ്റ് പ്രശ്‌നങ്ങളും കാരണം സമയത്ത് സ്റ്റാൻഡിൽ എത്തിപ്പെടാത്ത സാഹചര്യം ഉണ്ടാകുമ്പോൾ ഓട്ടോറിക്ഷ മാത്രമാണ് ആശ്രയം. 12 രൂപ ബസ് ചാർജ് മുടക്കേണ്ട സ്ഥലത്ത് 250 രൂപ കൊടുക്കേണ്ടി വരും.