കോട്ടയം: തണ്ടൊടിഞ്ഞ് നിലത്ത് വീണ് കിടക്കുകയാണ് ഏത്തക്കുല വിപണി. ഒരു മാസം മുൻപ് അമ്പത് രൂപയുണ്ടായിരുന്ന ഏത്തക്കുലയ്ക്ക് ഇപ്പോൾ മൊത്തവിൽപ്പന വില 17-20. ചില്ലവില്ല 25ഉം. എന്നാൽ നാടൻ ഏത്തക്കുലയ്ക്ക് ഇപ്പോഴും നാൽപ്പത് രൂപയാണ്. ഇക്കുറി കൃഷി കൂടിയതും മൈസൂരിൽ നിന്ന് വൻതോതിൽ കുലയെത്തുന്നതുമാണ് വിലയിടിയാൻ കാരണം.

വലിപ്പത്തിൽ മുന്നിൽ നിൽക്കുന്ന മൈസൂർ കായയ്ക്ക് നാടൻ കായയുമായി കാര്യമായ രുചി വ്യത്യാസമില്ല. അതുകൊണ്ടു തന്നെ വില ഇടിഞ്ഞതോടെ കച്ചവടവും കൂടി.
എന്നാൽ, വില കുത്തനെ ഇടിഞ്ഞിട്ടും നാടനെന്ന പേരിൽ മൈസൂർ കായയും ചിലയിടങ്ങളിൽ കിലോയ്ക്ക് 40 രൂപയ്ക്കു വിൽക്കുന്നതായി ആക്ഷേപമുണ്ട്. കോട്ടയം മാർക്കറ്റിൽ ലോഡ് കണക്കിന് നേന്ത്രക്കുലയാണ് എത്തുന്നത്. ചൂട് കൂടി വാഴ ഒടിഞ്ഞ് വീഴുന്നത് നാട്ടിലെ കർഷകരെയും വലയ്ക്കുന്നുണ്ട്. വൻ ചെലവിൽ കൃഷി നടത്തിയിട്ട് വിലകുറഞ്ഞത് ഇരുട്ടടിയായെന്ന് പരിതപിക്കുകയാണ് ഇവർ.

അതേസമയം, വെജിറ്റബിൾ വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷണൽ കൗൺസിലിൽ (വി.എഫ്.സി.കെ) നാടൻ നേന്ത്രപ്പഴത്തിന്റെ മൊത്ത വില 28 രൂപയും ചില്ലറ വില 34 രൂപയുമാണ്. വരവു കായയ്ക്ക് 20 രൂപ മൊത്ത വിലയും 24 രൂപ ചില്ലറ വിലയും.

പഴംപൊരിയ്ക്ക് പഴയ വില

ഏന്തപ്പഴത്തിനു വില കുത്തനെ ഇടിഞ്ഞിട്ടും പഴംപൊരിയുടേയും ഉപ്പേരിയുടേയും വിലയിൽ കുറവില്ല. വില കൂടിയപ്പോൾ പല അലമാരികളിൽ നിന്നും പുറത്തായ പഴംപൊരി ഇപ്പോൾ തിരികെയെത്തിയെന്ന് മാത്രം.

100 രൂപയ്ക്ക്

4 കിലോ

മൈസൂരിൽ നേന്ത്രൻ കൂടുതലായി വിളവെടുക്കുന്ന സമയമാണിത്. ഇതിനൊപ്പം സംസ്ഥാനത്തു പല ഭാഗത്തു നിന്നു കൂടുതൽ നേന്ത്രപ്പഴം എത്തിത്തുടങ്ങിയതും വില കുറയാൻ ഇടയാക്കി.

-വിജയൻ, പഴം വ്യാപാരി