fireforce
തലയോലപ്പറമ്പ് പാലാംകടവ് പാലത്തിന് സമീപം കോലേഴത്ത് കടവിൽ ആധുനിക ഉപകരണങ്ങളില്ലാതെ ഫയർഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനം.

തലയോലപ്പറമ്പ് : സ്‌കൂബാ സെറ്റുണ്ട്. പക്ഷേ പരിശീലനം ലഭിച്ചവരില്ല. ഫയർഫോഴ്‌സിന് വെള്ളത്തിലിറങ്ങി രക്ഷാപ്രവർത്തനം ഇപ്പോഴും ദുഷ്കരം. സി.കെ. ആശ എം.എൽ.എയുടെ ശ്രമഫലമായി വൈക്കത്തെ അഗ്‌നിരക്ഷാ സേനയ്ക്ക് ആറുമാസം മുൻപ് മൂന്ന് സ്‌കൂമ്പാ സെ​റ്റ് ഉൾപ്പടെയുള്ള ആധുനികഉപകരണങ്ങൾ ലഭ്യമാക്കിയെങ്കിലും അതിന്റെ പ്രയോജനം നാടിന് ഇതേവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തലയോലപ്പറമ്പ് പാലാം കടവിന് സമീപം കോലേഴത്ത് കടവിൽ 10ാം ക്ലാസ് വിദ്യാർത്ഥി അലക്‌സിലെ മൂവാറ്റുപുഴയാറിൽ കാണാതാപ്പോൾ കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്‌സ് യൂണി​റ്റുകൾ എത്തിയെങ്കിലും ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ഇവർക്ക് കരയിലിരിക്കേണ്ടി വന്നു. തുടർന്ന് കോട്ടയത്ത് നിന്നെത്തിയ സ്‌കൂബാ ടീം അംഗങ്ങളാണ് മൂന്ന് മണിക്കൂറിന് ശേഷം മൃതദേഹം മുങ്ങി എടുത്തത്. മുങ്ങി മരണം വർദ്ധിച്ചിട്ടും ഇതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആരോപണമുണ്ട്. ആഴവും ഒഴുക്കും എന്നിവ കൂടുതലുള്ളതും അപകട സാദ്ധ്യത ഉള്ളതുമായ കുളി കടവുകളിൽ അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണം എന്നതാണ് പ്രദേശ വാസികളുടെ ആവശ്യം. സുരക്ഷിതമല്ലാത്ത കോലേഴം കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളടക്കം കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ആറുപേർ മരിച്ചിട്ടുണ്ട്. കടവ് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിനും നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

ഒരു വർഷത്തിനിടെ മുങ്ങി മരിച്ചവർ

കെ.എസ് മംഗലം പുത്തൻതറയിൽ വിലാസിനി (63), ചെമ്മനാകരി പുത്തൻ തറ പി.കെ.സത്യൻ (54), ചെമ്മനാകരി പുത്തൻപുരയിൽ സാബു (45), മറവൻതുരുത്ത് മോർപ്പള്ളിൽ ഗിരീഷ്‌കുമാർ (45), പാലാംകടവ് ആലിൻചുവട്ടിൽ ദിലീപ് കുമാർ (52), വടയാർ പൊന്നുരുക്കും പാറയിൽ പി.കെ.ഭാസ്‌കരൻ (73), മറവൻതുരുത്ത് ഇടവട്ടം രണ്ടു കണ്ടത്തിൽ ദീപ (30),മകൾ ദക്ഷ (2), ചെമ്പ് മു​റ്റുത്തിൽ പത്മനാഭൻ (76), കോട്ടയം മണർകാട് വെട്ടിക്കുന്നേൽ തേജസ് കെ.എബ്രഹാം (23), കണ്ണൂർ തളിപ്പറമ്പ് വഴികുന്നത്ത് വി.ജെ.ബാബു(54), ഇടക്കൊച്ചി വിജെടി റോഡ് പൊടിപ്പറമ്പിൽ ലിബിൻ ജോർജ്(25), വെട്ടിക്കാട്ട് മുക്ക് തൈക്കാവ് നന്ദനത്തിൽ സൗരവ് ( 16), സന്ദീപ് ( 16) എന്നിവരടക്കം നിരവധിപേർ അടുത്ത കാലത്ത് മാത്രംതാലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ മുങ്ങി മരിച്ചു.