പാലാ : നഗരത്തിന്റെ അഭിമാനമായ മാത്യു.എം.കുഴിവേലിൽ സ്മാരക മുനിസിപ്പൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും, നഗരസഭാ പ്രതിപക്ഷ നേതാവുമായ റോയി ഫ്രാൻസീസ് പറഞ്ഞു. 'അക്ഷരഖനിയ്ക്ക് പൂട്ട്' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ മുൻകാല ബൈലോ അനുസരിച്ചാണ് ലൈബ്രറിയുടെ ഇപ്പോഴത്തെ പ്രവർത്തനം. അതിൽ പറഞ്ഞിരിക്കുന്ന സമയക്രമം ഇങ്ങനെയാണ്.

ബൈലോ മാറ്റാൻ വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. എല്ലാ അവധി ദിവസങ്ങളിലും ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും ലൈബ്രറി തുറക്കാൻ നടപടി സ്വീകരിക്കും. ഇവിടെ വരുത്തുന്ന ആനുകാലികങ്ങൾ പ്രദർശിപ്പിക്കാൻ നടപടിയുണ്ടാകും. പഴയ തടിക്കസേരകൾ നന്നാക്കിയെടുത്ത് കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കും. പുതുതലമുറയ്ക്കായി കരിയർ ഗൈഡൻസ് സെന്റർ ഒരുക്കാനും പദ്ധതി തയ്യാറാക്കും. ലൈബ്രറിയുടെ മേൽക്കൂര നന്നാക്കാൻ നഗരസഭാ പ്ലാൻ ഫണ്ടിൽപ്പെടുത്തി നിലവിൽ 8 ലക്ഷം അനുവദിച്ചിട്ടുണ്ട്. വരുന്ന നഗരസഭാ ബഡ്ജറ്റിൽ ലൈബ്രറിക്കായി 10 ലക്ഷം നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെയർപേഴ്‌സണും വൈസ് ചെയർമാനും അപേക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നിർദ്ദേശം സ്വാഗതാർഹം

ലൈബ്രറിയെ പൊതുഇടമാക്കി മാറ്റാനാണ് ലൈബ്രറി കൗൺസിൽ ലക്ഷ്യമിട്ടിട്ടുള്ളത്. ലൈബ്രറിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ബി.ഡി.ജെ.എസ് മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശങ്ങൾ സ്വാഗതാർഹമാണ്. ഘട്ടംഘട്ടമായി ഇതു നടപ്പാക്കും. ഇനിയും നല്ല നിർദ്ദേശങ്ങൾ ആർക്കും സമർപ്പിക്കാം. 75ാം വാർഷികം ആഘോഷിക്കാനിരിക്കുന്ന മുനിസിപ്പൽ ലൈബ്രറിയിലെ പഴയ കാല അംഗങ്ങളെ ആദരിക്കും. അംഗത്വം ഉപേക്ഷിച്ചവരെ വീണ്ടും അംഗങ്ങളാക്കും. പുതു തലമുറയിൽപ്പെട്ട കൂടുതൽ പേരെ അംഗങ്ങളാക്കുമെന്നും റോയി ഫ്രാൻസീസ് പറഞ്ഞു.