കോട്ടയം: വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി സംസ്ഥാന സർക്കാരിന് കൈമാറാൻ ദേശീയ കമ്പനി ട്രൈബൂണൽ തീരുമാനിച്ചതിന് പിറകേ എച്ച്.എൻ.എൽ കാമ്പസിലെ 500 ഏക്കർ സ്ഥലത്ത് റബർ പാർക്ക് സ്ഥാപിക്കാനുള്ള സംസ്ഥാന ബഡ്ജറ്റ് തീരുമാനം വെള്ളൂരിന് വീണ്ടും പ്രതീക്ഷ നൽകുന്നു. 25 കോടി രൂപയ്ക്ക് എച്ച്.എൻ.എൽ ഓഹരികൾ ഏറ്റെടുക്കാനും 430 കോടി രൂപയുടെ ബാദ്ധ്യതകൾ തീർക്കാനും സംസ്‌ഥാന സർക്കാർ ഒരുക്കമായതോടെയാണ് കമ്പനി കേരളത്തിന് വിട്ടുകൊടുക്കാൻ കേന്ദ്ര വ്യവസായ ട്രൈബൂണൽ പച്ചക്കൊടി കാട്ടിയത്.
ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ നഷ്ടം 430 കോടി രൂപ
പ്രവർത്തനം നിലച്ചിട്ട് ഒന്നരവർഷത്തിലേറെയായി
ഇതു പുനരുദ്ധരിക്കുന്നതിന് കാലതാമസമെടുക്കും
കിഫ്ബി വഴി ജീവനക്കാരുടെ ശമ്പളകുടിശിക നൽകും
റബർ പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനം 2021-21ൽ
500 ഏക്കറിനു പുറമേ അടിസ്ഥാന സൗകര്യങ്ങളുണ്ട്.
റബർ പാർക്ക്
500 ഏക്കർ
സ്ഥലത്ത്
എച്ച്.എൻ.എല്ലിന് 1974-79 കാലയളവിലാണ് സംസ്ഥാന സർക്കാർ 700 ഏക്കറോളം ഭൂമി ലഭ്യമാക്കിയത്. പത്രക്കടലാസ് നിർമ്മാണം മാത്രമേ നടത്താവൂ കരാർ ലംഘിച്ചാൽ ഭൂമി തിരിച്ചുപിടിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഭൂമി തിരിച്ചേറ്റെടുക്കൽ നടപടിയിലേക്ക് സർക്കാർ കടന്നതോടെയാണ് കമ്പനി സ്വകാര്യ മേഖലയ്ക്ക് വിൽക്കാനാവാതെ കേരളത്തിന് കൈമാറാൻ കേന്ദ്രം തയ്യാറാകേണ്ടി വന്നതും. എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള വെള്ളൂരിൽ റബർ പാർക്ക് നേരത്തേയുള്ള നിർദ്ദേശമാണെങ്കിലും സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് തൊഴിലാളികൾ കാണുന്നത്. ഇത് നേരത്തേ ആയിരുന്നെങ്കിൽ എച്ച്.എൻ.എൽ വേഗത്തിൽ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞേനേ.
കെ.എസ്.സന്ദീപ് , (സെക്രട്ടറി, കേരള ന്യൂസ് പ്രിന്റ് എംപ്ലോയീസ് യൂണിയൻ, സി.ഐ.ടി.യു) സുജിത് സുരേന്ദ്രൻ (സെക്രട്ടറി, എച്ച്.പി.സി എംപ്ലോയീസ് അസോസിയേഷൻ, ഐ.എൻ.ടി.യു.സി)