alex-tomi

തലയോലപ്പറമ്പ്: കൂട്ടുകാരുമൊത്ത് മുവാറ്റുപുഴയാറിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച 10– ാം ക്ലാസ് വിദ്യാർഥി അലക്‌സ് ടോമിക്ക് തലയോലപ്പറമ്പ് സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സഹപാഠികൾ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് 12ന് സ്‌കൂൾ അങ്കണത്തിൽ 30 മിനിട്ടോളം മൃതദേഹം പൊതുദർശനത്തിന് വെച്ചു. വിദ്യാർഥികളും അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമായി നൂറ് കണക്കിന് ആളുകളാണ് സ്കൂളിലും കിഴക്കെപ്പുറത്തുള്ള വീട്ടിലും അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. വൈകിട്ട് 4.30 ഓടെ തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ സംസ്‌ക്കാരം നടത്തി.
പാലംകടവ് പാലത്തിന് സമീപം കോലേഴത്ത് കുളിക്കടവിന് അടുത്തുള്ള വീട്ടിൽ ബുധനാഴ്ച എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ട്യൂഷന് വന്ന അലക്‌സും നാല് കൂട്ടുകാരും ട്യൂഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു മണിയോടെ കുളിക്കടവിലെത്തി. നീന്തൽ അറിയാമായിരുന്ന അലക്‌സും ആദർശ് അനീഷ് എന്നിവരുമാണ് വെള്ളത്തിൽ ഇറങ്ങിയത്. പുഴയിൽ നീന്തുന്നതിനിടെ അലക്‌സ് വെള്ളത്തിൽ കുഴഞ്ഞ് താണു. ആദർശും മറ് കുട്ടികളും വച്ചപ്പോൾ സമീപത്തെ ഫർണിച്ചർ ഷോപ്പ് ഉടമ സജു കരയിൽ നിന്നും കയർ എറിഞ്ഞ് കൊടുത്തത് ആദർശ് അലക്‌സിന്റെ കയ്യിൽ കെട്ടിയെങ്കിലും കരയിലേക്കു വലിച്ചു കയറ്റുന്നതിനിടെ കെട്ട് അഴിഞ്ഞ് അലക്‌സ് വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു. ഉടൻ നാട്ടുകാരും കടുത്തുരുത്തി, വൈക്കം ഫയർഫോഴ്‌സ് യൂണിറ്റുകളും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് കോട്ടയത്തു നിന്നും സ്‌കൂബ ടീം എത്തി വൈകിട്ട് നാലോടെയാണ് മൃതദേഹം കണ്ടെടുത്തത്.