വൈക്കം: മഹാദേവ ക്ഷേത്രത്തിൽ നാളെ മാശി അഷ്ടമി ആഘോഷിക്കും. കുംഭാഷ്ടമി എന്നും കിഴക്കോട്ട് അഷ്ടമി എന്നും അറിയപ്പെടുന്ന മാശി അഷ്ടമി വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്. വെളുപ്പിന് 4.30നാണ് അഷ്ടമി ദർശനം. തുടർന്ന് 10 മുതൽ തന്ത്രിമാരുടെ കാർമ്മികത്വത്തിൽ ഏകാദശ രുദ്രഘൃത കലശാഭിഷേകം നടത്തും. ദേവസ്വത്തിന്റെ പ്രാതലും ഉണ്ടായിരിക്കും. ദേശാധിപതിയായ വൈക്കത്തപ്പൻ മകനായ ഉദയനാപുരത്തപ്പനൊപ്പം തന്റെ അധീനതയിലുള്ള കൃഷിഭൂമിയും മറ്റും കാണുവാനും പാട്ടം പിരിക്കുവാനും ആചാരപ്രകാരം എഴുന്നള്ളുന്നു എന്നതാണ് മാശി അഷ്ടമിയുടെ പിന്നിലെ വിശ്വാസം. ക്ഷേത്രത്തിന് കിഴക്ക് കള്ളാട്ടുശ്ശേരി വരെയാണ് എഴുന്നള്ളിപ്പ് പോവുക. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും വൈകിട്ട് 3.30നാണ് എഴുന്നള്ളിപ്പ് ആരംഭിക്കുക. ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ് 4 മണിയോടെ വൈക്കം ക്ഷേത്രത്തിലെത്തും. ഈ സമയം വൈക്കത്തപ്പനേയും ശ്രീകോവിലിന് പുറത്തേക്ക് എഴുന്നളളിക്കും. എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം വച്ച് കിഴക്കേ ഗോപുരം ഇറങ്ങി വാഴമന, കൂർക്കശ്ശേരി വഴി കള്ളാട്ടുശ്ശേരിയിലേക്ക് നീങ്ങും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാജകീയ പ്രൗഢിയിലുള്ള എഴുന്നളളിപ്പിനെ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം മുതൽ കള്ളാട്ടുശ്ശേരി വരെ ഭക്തർ നിറദീപവും നിറപറയും ഒരുക്കി വരവേൽക്കും. വാഴമന, കൂർക്കശ്ശേരി, കള്ളാട്ടുശ്ശേരി എന്നിവിടങ്ങളിൽ ഇറക്കി പൂജയും നിവേദ്യവുമുണ്ട്. ഇവിടെ കലാപരിപാടികളും അന്നദാനവും നടത്തുന്നുണ്ട്. കള്ളാട്ടുശ്ശേരിയിൽ നിന്നും തിരിച്ച് എഴുന്നള്ളിപ്പ് ആരംഭിക്കുന്നതോടെ വിളക്കു വയ്പ്പും എതിരേൽപ്പും തുടങ്ങും. വൈക്കം ക്ഷേത്രം വരെ വിവിധ ഭക്തജന സംഘടനകളുടെ ആഭിമുഖ്യത്തിൽ വിളക്ക് വയ്പ് നടത്തുന്നുണ്ട്. രാത്രി 2 ന് ശേഷം വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ അഷ്ടമി വിളക്ക് ആരംഭിക്കും. വലിയ കാണിക്ക വെടിക്കെട്ട് എന്നിവക്ക് ശേഷം ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് ചടങ്ങും നടക്കും. നാളെ രാവിലെ 6 ന് സോപാന സംഗീതം, 6.30 ന് വൈക്കത്തപ്പൻ സംഗീത സേവാ സംഘത്തിന്റെ പഞ്ചരത്‌ന കീർത്തന ആലാപനം 9ന് നാദസ്വര കച്ചേരി 2 ന് സംഗീതകച്ചേരി 4 ന് ഓട്ടൻതുള്ളൽ 5 ന് ഉദയനാപുരത്തപ്പന്റെ വരവ്', കിഴക്കോട്ടെഴുള്ളിപ്പ് 6ന് ഭജന 7 ന് ഭരതനാട്യം, 9 ന് സംഗീത സദസ്സ്, 11 ന് ചേർത്തല കെ ആർ കമ്മ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന ഡാൻസ് ഘടോൽകചൻ.