കോട്ടയം: മണ്ണെടുപ്പിനെതിരെ പരാതി നൽകിയ വിവരാവകാശ പ്രവർത്തകനുനേരെ കോട്ടയം നഗരസഭ ഓഫീസിൽ വച്ച് വീണ്ടും അതിക്രമം. കോട്ടയം എസ്.എച്ച് മൗണ്ട് ആറ്റുവായിൽ മഹേഷ് വിജയനെ രണ്ടുപേർചേർന്ന് മർദിച്ചത്. ഇത് മൂന്നാംതവണയാണ് മഹേഷ് വിജയനെതിരെയുള്ള അതിക്രമം.
കഴിഞ്ഞദിവസം മഹേഷ് വിജയെൻറ വീടിനുനേരെയും അക്രമം നടന്നിരുന്നു. കാറിലെത്തിയ നാലംഗ സംഘമായിരുന്നു ആക്രമണം നടത്തിയത്. ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവിയെ കണ്ട് പരാതി നൽകി. ഇതിനുപിന്നാലെ, നഗരസഭ ഓഫീസിൽ എത്തിയ മഹേഷ് വിജയനെ ഇവിടെ കാത്തുനിന്ന രണ്ടുപേർ മർദിക്കുകയായിരുന്നു. ഓഫീസിനു താഴെയുണ്ടായിരുന്ന പരിസ്ഥിതി-വിവരാവകാശ പ്രവർത്തകർ ഓടിയെത്തിയെത്തിയതിനെ തുടർന്ന് ഇവർ മാറിയത്. ഇതിനിടെ പൊലീസുകാർ അക്രമികളിലൊരാളെ പിടികൂടി. കരാറുകാരാണ് അക്രമം നടത്തിയതെന്നും കണ്ടുനിന്ന നഗരസഭ ജീവനക്കാർ ഇത് തടയാൻ ശ്രമിച്ചില്ലെന്നും മഹേഷ് വിജയൻ പറയുന്നു. രണ്ടാഴ്ച്ചമുമ്പും കരാറുകാരുടെ സംഘം നഗരസഭ ഓഫീസിലിട്ട് മഹേഷിനെ ക്രൂരമായി മർദിച്ചിരുന്നു.