btjty

ചങ്ങനാശേരി: ബോട്ടുജെട്ടിയിലെ പോള ശല്യത്തിന്റെ കാര്യത്തിൽ ശുഭ സൂചന. ബോട്ടുജട്ടിയും പരിസരവും വൃത്തിയാക്കുന്നതിനും സംരക്ഷിക്കുന്നതിനും മർച്ചന്റ്‌സ് അസോസിയേഷൻ ഇടപ്പെട്ടതോടെയാണ് നാട്ടുകാരുടെ മനസിൽ പ്രതീക്ഷ തെളിഞ്ഞത്. ബോട്ട് ജെട്ടിയിലെ പൊളനീക്കൽ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. പോള വിമുക്തമാക്കിയ ശേഷം ബോട്ട് ജെട്ടിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ ചങ്ങനാശേരി മർച്ചന്റ്‌സ് അസോസിയേഷനും, ബോട്ടുജട്ടി വികസന സമതിയും എസ്.ബി കോളേജ് ബോട്ടണി വിഭാഗവുമായി ചർച്ച നടത്തിവരികയാണ്.

കൂടാതെ, ബോട്ടുജെട്ടിയെ ടൂറിസം ബോട്ടുജെട്ടിയാക്കി നിലനിർത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് സർക്കാരിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. കെ.സി പാലം ഉയർത്തുക, കൊടൂർ ആറ് വൃത്തിയാക്കുന്നതിലൂടെ ചങ്ങനാശേരി - കോട്ടയം ജലപാത പ്രവർത്തനക്ഷമമാക്കുക, പടിഞ്ഞാറൻ ബൈപാസിന്റെ ജോലികൾ പുനരാരംഭിക്കുക, ചങ്ങനാശേരിയിൽ നിന്ന് ടൂറിസം ബോട്ടുകൾ സർവ്വീസ് നടത്തുക, ചങ്ങനാശേരി ജലപാത പുനസ്ഥാപിക്കാൻ തടസം നില്ക്കുന്ന പാലങ്ങൾ ഉയർത്തി പണിയുക, ചങ്ങനാശേരി മനയ്ക്കച്ചിറ തോട് ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങളും സർക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്.

ജെട്ടിയിലെ പോള നീക്കുന്ന ജോലികൾ ചങ്ങനാശേരി മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കയ്യാലപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സാംസൺ വലിയപറമ്പിൽ , ടോമിച്ചൻ അയ്യരുകുളങ്ങര, ബാലകൃഷ്ണ കമ്മത്ത് , കുഞ്ഞുമോൻ തുമ്പുങ്കൽ, ടി.കെ അൻസർ, ബോട്ടുജട്ടി വികസന സമതി ഭാരവാഹികളായ സോനു പതാലിൽ, അഭിലാഷ് വാടപ്പറമ്പ്, ജോജോ മാടപ്പാട്ട്, സാന്റോ കരിമറ്റം, നൗഷാദ്, ടി ജോ ഇടക്കരി, കെ. എസ്. ആന്റണി റോഷൻ വാടപ്പറമ്പ് തുടങ്ങിയവർ സംബന്ധിച്ചു.