കോട്ടയം: നഗരമദ്ധ്യത്തിൽ യുവതിയെ മുറിയിൽ പൂട്ടിയിട്ട് കവർച്ച. പത്തു പവന്റെ ആഭരണങ്ങളും 2,700 രൂപയുമാണ് കവർന്നത്. മുണ്ടക്കയം മാർത്തോമ്മ പള്ളിക്ക് സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് കവർച്ച നടന്നത്. പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് അന്വേഷണം ആരംഭിച്ചു.

ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ തുലാവഞ്ചേരിൽ ഗോപാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. കോട്ടയം മെ‌‌ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഗോപാലകൃഷ്മൻ. ഭാര്യ വിജയമ്മയും മകൻ രഞ്ജിത്തും അദ്ദേഹത്തിനൊപ്പം ആശുപത്രിയിലായിരുന്നു. മകൾ രമ്യ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നു.

ശബ്ദം കേട്ട് രമ്യ ഉണർന്നെങ്കിലും ഒറ്റയ്ക്കായതിനാൽ പ്രതികരിക്കാൻ ധൈര്യം വന്നില്ല. കുറച്ചുകഴിയുമ്പോൾ രമ്യ കിടന്നിരുന്ന മുറിയുടെ ഓടാമ്പൽ ഇടുന്നതിന്റെ ശബ്ദം കേട്ടു.

ഇതിനിടയിൽ അടുത്ത മുറിയിലെ അലമാരിയിൽ പേഴ്സിനുള്ളിൽ വച്ചിരുന്ന രണ്ട് മാല, രണ്ട് വള, നാല് മോതിരം, രണ്ട് ജോഡി കമ്മൽ എന്നിവയും മറ്റൊരു പേഴ്സിൽ ഉണ്ടായിരുന്ന 2,700 രൂപയുമായി ഇയാൾസ്ഥലം വിടുകയായിരുന്നു. രമ്യ കിടന്നിരുന്ന മുറിയുടെ ഓടാമ്പൽ മാറ്റിയശേഷമാണ് മോഷ്ടാവ് പോയത്. കള്ളൻ പോയി എന്ന് ഉറപ്പായതോടെയാണ് രമ്യ പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ഗേറ്റ് ചാടിയാണ് കള്ളൻ പോയതെന്നും നീല ജീൻസും ടീ ഷർട്ടുമാണ് ധരിച്ചിരുന്നതെന്നും രമ്യ പൊലീസിനോട് പറഞ്ഞു. മുഖം ടൗവൽകൊണ്ട് മറച്ചിരുന്നു. രമ്യയുടെ വിവാഹത്തിനായി സ്വരുകൂട്ടിവച്ചിരുന്ന സ്വർണമാണ് നഷ്ടമായത്. ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും മോഷ്ടാവിനെ ഉടൻ പിടികൂടുമെന്നും സി.ഐ വി.ഷിബുകുമാർ പറഞ്ഞു.