കോട്ടയം: മുന്നറിയിപ്പ് പോലെ ഇന്നലെ അത്ര ചൂട് രേഖപ്പെടുത്തിയില്ല. സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി വരെ പകൽ താപനില വർദ്ധിക്കുമെന്ന മുന്നറിയിപ്പിന്റെ ഭാഗമായി സുരക്ഷാ മുൻകരുതൽ സ്വീകരിച്ചെങ്കിലും 36.5 ഡിഗ്രിവരെ മാത്രമേ കോട്ടയത്തിന്റെ വിവിധ ഇടങ്ങളിൽ ചൂട് രേഖപ്പെടുത്തിയുള്ളൂ. ഇന്നും രണ്ട് മുതൽ നാലു ഡിഗ്രി വരെ താപ നില കൂടുമെന്ന് മുന്നറിയിപ്പുണ്ട്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് 37.8 ഡിഗ്രിയും വ്യാഴാഴ്ച 37 ഡിഗ്രിയുമായിരുന്നു താപനില. കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില 34 ഡിഗ്രിയായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചൂട് 37 ഡിഗ്രി കവിഞ്ഞ പശ്ചാത്തലത്തിൽ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. മഞ്ഞുകാലം തീരുന്നതിന് മുന്നേ തുടങ്ങിയ കടുത്ത ചൂട് തുടരുകയാണ്. ജനുവരിയിൽ കൂടിത്തുടങ്ങിയ ചൂട് കുറയുന്ന ലക്ഷണമില്ല. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പാലക്കാട്, പുനലൂർ മേഖലകളിൽ അനുഭവപ്പെടുന്നതിനേക്കാൾ രണ്ടു മൂന്നും ഡിഗ്രി മുകളിലാണ് കോട്ടയത്തെ താപനില.
ഇന്നലെ പ്രതീക്ഷിച്ചത്: 40
രേഖപ്പെടുത്തിയത്: 36.4
'' അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നതാണ് ചൂട് അനുഭവപ്പെടാൻ കാരണം. ഈർപ്പം കൂടുമ്പോൾ ഉഷ്ണം കൂടും. ശരീരം വിയർക്കാത്തതിനാൽ ഊഷ്മാവ് കൂടും. ഇത് ആരോഗ്യത്തിന് നല്ലതല്ല. സൂര്യാഘാതമേൽക്കാനുള്ള സാദ്ധ്യതയുമുണ്ട്
- ഡോ.രാജഗോപാൽ കമ്മത്ത്, ശാസ്ത്ര നിരീക്ഷകൻ