anoop-johney-split
anoop johney split

 ജോണിനെല്ലൂർ - അനൂപ് പോര് മുറുകി

 ഇന്നും 21നും വെവ്വേറെ യോഗം

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിക്കുന്നതിലെ ഭിന്നത ജേക്കബ് ഗ്രൂപ്പിനെ പിളർപ്പിലേക്ക് നയിച്ചേക്കുമെന്ന സൂചന നൽകി ഗ്രൂപ്പ് ലീഡർ അനൂപ് ജേക്കബും ചെയർമാൻ ജോണിനെല്ലൂരും വെവ്വേറെ പാർട്ടി യോഗങ്ങൾ വിളിച്ചു.

21ന് പാർട്ടി ഉന്നതാധികാരസമിതി യോഗം വിളിക്കാൻ ജോണിനെല്ലൂർ നോട്ടീസ് നൽകിയിരുന്നു. ജോസഫുമായി ലയനകാര്യങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജൻഡ. ഇതിന് ബദലായി ഇന്ന് കോട്ടയത്ത് അനൂപ് ജേക്കബ് പ്രത്യേക യോഗം വിളിച്ചിരിക്കയാണ്. നേതാക്കളെ ഫോൺ വിളിച്ച് അറിയിച്ചുള്ള യോഗത്തിലേക്ക് ജോണി നെല്ലൂരിനെ മാത്രം ക്ഷണിച്ചില്ല.

ചെയർമാനായ താൻ അറിയാതെ പാർട്ടി യോഗം വിളിക്കാൻ അനൂപിന് അധികാരമില്ലെന്ന് ജോണിനെല്ലൂർ പറഞ്ഞു.

'ടി.എം.ജേക്കബ് പോലും എന്നെ അറിയിക്കാതെ യോഗം വിളിച്ചിട്ടില്ല. പാർട്ടി പിളർത്തിയേ അടങ്ങൂ എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. ഇതിൽ ആരു പങ്കെടുത്താലും അച്ചടക്ക ലംഘനമായേ കണക്കാക്കൂ. പത്തു ദിവസം മുമ്പ് നോട്ടീസ് നൽകി ഞാൻ വിളിച്ചതാണ് യഥാർത്ഥ യോഗം. നേരത്തേ, പാർട്ടിയിൽ ചർച്ചചെയ്യാതെ ജോസഫുമായി കൂടിക്കാഴ്ച നടത്തിയത് അനൂപാണ്. പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ കിട്ടില്ലെന്നു വന്നതോടെ ലയനം അടഞ്ഞ അദ്ധ്യായമെന്ന് പറഞ്ഞ് അനൂപ് രംഗത്തുവരികയായിരുന്നു"- ജോണിനെല്ലൂർ ആരോപിച്ചു.

അതേസമയം, ജോസഫ് ഗ്രൂപ്പിൽ ലയിച്ച് കുട്ടനാട് സീറ്റിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ഒത്താശയോടെ ജോണിനെല്ലൂർ വളഞ്ഞ വഴി സ്വീകരിക്കുകയാണെന്നാണ് അനൂപ് വിഭാഗത്തിന്റെ ആരോപണം.