പാലാ : മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ പ്രവർത്തനം 26ൃാം വർഷത്തിലേക്ക് കടക്കുന്നു.
26-ാമത് വർഷ പരിപാടികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 6.15 ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകരായ ജോർജ് കുളങ്ങര, ബെന്നി മൈലാടൂർ, കെ.കെ.രാജൻ, അഡ്വ. രാജേഷ് പല്ലാട്ട്, സോമശേഖരൻ തച്ചേട്ട്, ബൈജു കൊല്ലംപറമ്പിൽ, ഷിബു തെക്കേമറ്റം, ബേബി വലിയ കുന്നത്ത് എന്നിവർ അറിയിച്ചു. കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉദ്ഘാടനം ചെയ്യും. മീനച്ചിൽ ഫാസ് പ്രസിഡന്റ് ജോർജ് കുളങ്ങര അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിന് ശേഷം കെ.പി.എ.സിയുടെ മഹാകവി കാളിദാസൻ നാടകവും അരങ്ങേറും. കലാസ്വാദകരുടെ കുടുംബക്കൂട്ടായ്മയായ മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി കഴിഞ്ഞ വർഷം സിൽവർ ജൂബിലി ആഘോഷിച്ചിരുന്നു. മാസത്തിലെ എല്ലാ രണ്ടാമത്തെ ഞായറാഴ്ചകളിലും പാലാ മുനിസിപ്പൽ ടൗൺഹാളിലാണ് മീനച്ചിൽ ഫാസിന്റെ പരിപാടികൾ നടന്നുവരുന്നത്.