പിഴക് : പഴമയുടെ കാർഷികസമൃദ്ധിയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നതിന്റെ ഉത്തമ ഉദാഹരമായി മാറിയിരിക്കുകയാണ് കടനാട് പഞ്ചായത്തിലെ പിഴക് പാടശേഖരം. കർഷകരുടെ നിശ്ചയദാർഢ്യത്തിനു മുൻപിൽ ഒരു പാടശേഖരമാകെ പൊൻകതിരണിഞ്ഞു. കഴിഞ്ഞ നാലു വർഷം കൊണ്ട് നൂറ്‌മേനി വിളവിന്റെ വിജയഗാഥ രചിക്കുക മാത്രമല്ല ഏക്കർക്കണക്കിനു തരിശു പാടങ്ങളിലേക്ക് ഓരോ വർഷവും നെൽകൃഷി വ്യാപിപ്പിച്ചു. 'പാഠം ഒന്ന് പാടത്തേക്ക് ' എന്ന കൃഷി വകുപ്പിന്റെ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പദ്ധിതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാനത്തൂർ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ, വല്ലാത്ത് ഗവ.സ്‌കൂൾ, കടനാട് സ്‌കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ കുട്ടികൾ ഈ പാടശേഖരത്താണ് നെൽകൃഷിയെ അടുത്തറിയാനെത്തിയത്.

രഘുനാഥ് ബംഗ്ലാംകന്നേൽ ,ഷിന്റോ കുരുവിള വലിയ കന്നേൽ ,ദേവസ്യ തോട്ടുങ്കൽ ,ജോജി എരുമംഗലത്ത് തുടങ്ങിയവരാണ് നെൽകൃഷിയുടെ സമൃദ്ധിയെ വീണ്ടെടുക്കാൻ മുന്നിട്ട് ഇറങ്ങിയത്. കൊല്ലപ്പള്ളി കൃഷി ഭവനിൽ നിന്ന് നൽകിയ വിത്തിനങ്ങളായ ആരതി, എച്ച് ഫോർ കോഴ കൃഷിഫാമിൽ നിന്ന് ലഭിച്ച രത്‌ന തുടങ്ങിയ നെൽവിത്താണ് കൃഷിക്കായി കർഷകർ തിരഞ്ഞെടുത്തത്. കൊയ്ത്തുത്സവം വികസകാര്യ ചെയർമാൻ ഷിലുകൊടൂർ നിർവഹിച്ചു. അഡ്വ.ആന്റണി ഞാവള്ളി ,രാജപ്പൻ പെരികനാനി , കുടുംബശ്രീ സി.ഡി.എസ് മേരിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു കാലത്ത് പാടശേഖങ്ങളാൽ സമൃദ്ധമായിരുന്ന ഈ പ്രദേശം പിന്നീട് നെൽകൃഷി ഉപേക്ഷിച്ച പാടശേഖരങ്ങളുടെ പട്ടികയിലായി. എന്നാൽ കഴിഞ്ഞ നാല് വർഷത്തെ സർക്കാരിന്റെ ശക്തമായ ഇടപെടലും കടനാട് പഞ്ചായത്ത് നെൽകൃഷിക്കുള്ള പ്രോത്സാഹന പദ്ധതി നടപ്പിലാക്കിയതിന്റെയും ഫലമായി പത്തേക്കറിന് മുകളിൽ തരിശുപാടങ്ങളിൽ കൃഷിയിറക്കാനായി.

ഷിലു കൊടൂർ,വികസനകാര്യ

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ