കോട്ടയം : വേനൽ ശക്തമായതോടെ വേമ്പനാട്ട് കായലിലെ ജലനിരപ്പ് മുമ്പൊരിക്കലുമുണ്ടാകാത്ത അളവിൽ താഴ്ന്നു. പലയിടത്തും മൺതിട്ടകൾ തെളിഞ്ഞത് ജലഗതാഗതത്തേയും ബാധിച്ചു .സമീപ ആറുകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്നതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി. തണ്ണീർ മുക്കം ബണ്ട് അടച്ചതോടെ ഒഴുക്കു നിലച്ചു പായലും പോളയും ചീഞ്ഞളിഞ്ഞു കിടക്കുന്നതിനാൽ വെള്ളം ഒന്നിനും ഉപയോഗിക്കാൻ കഴിയുന്നില്ല. പടിഞ്ഞാറൻ മേഖല രോഗഭീതിയിലുമാണ്.
ബണ്ട് തുറക്കാൻ ഇനിയും ഒരു മാസത്തിലേറെ എടുക്കും. ജലനിരപ്പ് താഴ്ന്നതോടെ ഉപ്പിന്റെ അംശവും കൂടിയേക്കും. ഇത് കുടിവെള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും. തണ്ണീർമുക്കം, ആലപ്പുഴ ,കുമരകം മേഖലകളിൽ കായലിന്റെ ആഴം ഒമ്പത് മീറ്ററായിരുന്നു. ഇപ്പോഴത് 4.5 വരെയായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രളയം വൻ തോതിൽ കൊണ്ടു വന്ന എക്കൽ നീക്കം ചെയ്യാൻ ഒരു ശ്രമവും നടത്താത്തതാണ് കായലിന്റെ ആഴപ്പരപ്പ് കുറയാൻ കാരണം. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും നിറഞ്ഞു. ഇതു തുടർന്നാൽ രണ്ട് പതിറ്റാണ്ടിനുള്ളിൽ വേമ്പനാട്ട് കായൽ ഇല്ലാതാകുമെന്നാണ് കുഫോസിലെ പ്രൊഫസറും സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ.വി.എൻ. സജീവന്റെ നേതൃത്വത്തിൽ നടത്തിയ പഠനം തെളിയിക്കുന്നത്.
പ്രളയത്തിൽ എക്കൽ വന്നടിഞ്ഞ് കായലിന്റെ ആഴംകുറഞ്ഞ പലയിടത്തും ചെടികൾ വളർന്നുതുടങ്ങി. ഡ്രഡ്ജിംഗ് നടത്തി കായലിന്റെ ആഴം കൂട്ടണമെന്ന ആവശ്യം ശക്തമാണ്. മുൻപ് കായലിലെ ചെളികുത്തിയെടുത്ത് കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിലെ കർഷകർ മട കെട്ടുകയും പറമ്പുകളിൽ നിറയ്ക്കുകയും ചെയ്തിരുന്നു. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കരിങ്കൽ ബണ്ടുകൾ നിർമിച്ചതോടെ എക്കൽ കുത്തിയെടുക്കുന്നത് കുറഞ്ഞു. കരിങ്കൽ ബണ്ട് കാരണം എക്കൽ കായലിൽ അടിഞ്ഞു . അതേസമയം പല പറമ്പുകളുടെയും അടിത്തട്ട് വെള്ളത്താൽ നിറയുകയും എക്കൽ ഇടാത്തത് മൂലം താഴുകയും ചെയ്തു. ഇത് കെട്ടിടങ്ങളെയും ബാധിക്കും. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുമ്പോഴും വേമ്പനാട്ട് കായലിന്റെ നിർഗമന മാർഗങ്ങളിൽ വെള്ളം എത്തുന്നില്ല.
എക്കലടിഞ്ഞ് ആഴംകുറഞ്ഞിടത്ത് ചെടി വളരുന്നു
സൂര്യപ്രകാശം അടിയിലെത്തുന്നതാണ് കാരണം
കായലിലെ ചെളികുത്തിയെടുത്ത് ആഴംകൂട്ടണം
ഓരുവെള്ളത്തിൽ ഉപ്പിന്റെ അളവും കൂടി വരുന്നു
'' കായലിന് ഒരാൾപ്പൊക്കം പോലും ആഴമില്ലാത്ത സ്ഥലങ്ങളിൽ സൂര്യപ്രകാശം നേരിട്ട് അടിത്തട്ടുവരെ ലഭിച്ചതോടെയാണ് മണ്ണിലുണ്ടായിരുന്ന വിത്തുകൾ മുളച്ചത്. ഇത് ശുഭസൂചനയല്ല'' ഡോ.കെ.ജി.പത്മകുമാർ , രാജ്യാന്തര കായൽ നില ഗവേഷണ കേന്ദ്രം