വൈക്കം: ദേശാധിപതിയേയും ദേവസേനാപതിയേയും വരവേൽക്കാനൊരുങ്ങി കള്ളാട്ടുശ്ശേരിയും കൂർക്കശ്ശേരിയും വാഴമനയും. വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാശി അഷ്ടമി ഇന്ന് നടക്കും.
പിതാവായ വൈക്കത്തപ്പൻ പുത്രനായ ഉദയനാപുരത്തപ്പനുമൊരുമിച്ച് തന്റെ അധീനതയിലുള്ള കൃഷിഭൂമി കാണുവാനും ഭക്തരുടെ ക്ഷേമ, ഐശ്വര്യങ്ങൾ നേരിൽ കണ്ടറിയുന്നതിനും
എഴുന്നള്ളും. എഴുന്നള്ളുന്ന മഹാദേവനും മകനും രാജകീയ വരവേൽപ്പാണ് നാട്ടുകാർ നൽകുക.
വൈക്കം ക്ഷേത്രത്തിന്റെ ഏകദേശം അഞ്ചു കിലോമീറ്റർ കിഴക്ക് ഭാഗത്തുള്ള കള്ളാട്ടുശ്ശേരി വരെ ദേവന്മാർ എഴുന്നള്ളും.
വാഴമനയിലും കൂർക്കശ്ശേരിയിലും കള്ളാട്ടുശ്ശേരിയിലും വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും ഇറക്കി എഴുന്നള്ളിച്ച് വിശേഷാൽ പൂജയും നിവേദ്യങ്ങളും നടത്തും. കള്ളാട്ടുശ്ശേരി കൊട്ടാരത്തിൽ രാത്രി 8.30 നാണ് എഴുന്നള്ളിപ്പിന് വരവേൽപ്പ് നൽകുന്നത്. അന്നദാനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് 7 മണിയോടെ കൂർക്കശ്ശേരിയിൽ എഴുന്നള്ളിപ്പിനെ വരവേൽക്കും. അന്നദാനവും ഉണ്ടായിരിക്കും.
വൈകിട്ട് 6നാണ് വാഴമനയിലെ വരവേൽപ്പ്. ഇവിടെയും വിവിധ കലാപരിപാടികളും അന്നദാനവും നടത്തുന്നുണ്ട്.
രാത്രി 9 ന് ശേഷം കള്ളാട്ട് ശ്ശേരിയിൽ നിന്നും തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. കളളാട്ടുശ്ശേരി മുതൽ വൈക്കം ക്ഷേത്രം വരെയുള്ള രാജവീഥികൾ അലങ്കരിച്ച് നിറപറയും നിലവിളക്കും ഒരുക്കി എഴുന്നള്ളിപ്പിനെ എതിരേൽക്കും. എഴുന്നള്ളിപ്പിന് സ്വർണ്ണക്കുടയും തങ്കത്തിടമ്പുമാണ് ഉപയോഗിക്കുക.
രാത്രി 2 മണിയോടെ എഴുന്നള്ളിപ്പ് വൈക്കം ക്ഷേത്രത്തിൽ പ്രവേശിക്കുന്നതോടെ അഷ്ടമി വിളക്ക് ആരംഭിക്കും.
വലിയ കാണിക്കക്ക് ശേഷം ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും നടക്കും.
അഷ്ടമി ദർശനം
പുലർച്ചെ 4.30 നാണ് അഷ്ടമി ദർശനം. 9 ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ ഏകാദശ രുദ്രഘൃത കലശവും തുടർന്ന് ദേവസ്വത്തിന്റെ വകയായി 21 പറ അരിയുടെ പ്രാതലും നടക്കും.
വൈകിട്ട് 3.30 നാണ് ഉദയനാപുരത്ത് നിന്നും എഴുന്നളളിപ്പ് വൈക്കത്തേക്ക് പുറപ്പെടുക ' അസലപ്പുഴ വിജയകൃഷ്ണൻ എന്ന ഗജവീരൻ ഉദയനാപുരത്തപ്പന്റെ തിടമ്പേറ്റും.
4 ന് വൈക്കം ക്ഷേത്രത്തിൽ എത്തുന്നതോടെ വൈക്കത്തപ്പനേയും പുറത്തേക്ക് എഴുന്നള്ളിക്കും . ഗജവീരൻ മുല്ലക്കൽ ബാലകൃഷ്ണാനാണ് മഹാദേവരുടെ സ്വർണ്ണത്തിടമ്പേറ്റുന്നത്. വേമ്പനാട് ആർജുനൻ, പീച്ചിയിൽ ശ്രീമുരുകൻ എന്നി ഗജവീരൻമാർ അകമ്പടിയാകും.5 മണിയോടെ കിഴക്കേ ഗോപുരം ഇറങ്ങി കള്ളാട്ടുശേരിയിലേക്ക് എഴുന്നള്ളിപ്പു പുറപ്പെടും.