കോട്ടയം: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള സമരത്തിനിടെ എ.വി.ജി ജീവനക്കാർക്ക് മർദനമേറ്റു. വടവാതൂർ സ്വദേശി ജീമോൻ (37) , തോട്ടയ്ക്കാട് സ്വദേശി മനു (33), അയ്‌മനം സ്വദേശി ബാലു (27), പാറമ്പുഴ സ്വദേശി അനൂപ് (29) എന്നിവരെയാണ് മർദിച്ചത്.
ഇന്നലെ രാവിലെ ഒൻപതരയോടെ ഈരയിൽക്കടവിലെ എ.വി.ജി ഷോറൂമിനു മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ. ഒരു മാസത്തിലേറെയായി ഷോറൂമിനു മുന്നിൽ ജീവനക്കാരുടെ സമരം നടക്കുകയായിരുന്നു. പൊലീസ് സംരക്ഷണത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇന്നലെ രാവിലെ
ബൈക്കിലെത്തിയ ജീവനക്കാരെ തടഞ്ഞതിനെച്ചൊല്ലി വാക്കേറ്റം ഉണ്ടായി. തുടർന്നായിരുന്നു മർദ്ദനം. കൂടുതൽ ജീവനക്കാരും പൊലീസും എത്തിയതോടെയാണ് സി.ഐ.ടി.യു പ്രവർത്തകർ പിരിഞ്ഞു പോയത്. പരിക്കേറ്റ ജീവനക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.