കോട്ടയം: മുത്തൂറ്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ സമരം റിപ്പോർട്ട് ചെയ്യുന്നതിനിടെ മാദ്ധ്യമ പ്രവർത്തകരെ ആക്രമിച്ച കേസിൽ രണ്ടു സി.ഐ.ടി.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ രാവിലെ പ്രതികൾ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. സി.ഐ.ടി.യു പ്രവർത്തകരായ എബ്രഹാം (ബോസ്), മാത്യു (രാജു) എന്നിവരാണ് പ്രതികൾ.
കഴിഞ്ഞ ദിവസം ബേക്കർ ജംഗ്ഷനിലായിരുന്നു അക്രമം. മുത്തൂറ്റ് ഓഫീസിൽ സംഘർഷം അറിഞ്ഞ് , റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിയ മാദ്ധ്യമപ്രവർത്തകരെയാണ് ഇരുവരും ആക്രമിച്ചത്. മനോരമ ക്യാമറാമാൻ അഭിലാഷിന്റെ കാമറ തട്ടിത്തെറിപ്പിച്ച ഇരുവരും മുഖത്ത് അടിക്കുകയും ചെയ്‌തു. കൂടാതെ അക്രമ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കടന്നു പിടിക്കുകയും ചെയ്‌തു. സംഭവത്തിൽ അഭിലാഷിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുക്കുകയായിരുന്നു.