പൊൻകുന്നം : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഭാഗമായി നവീകരിക്കുന്ന പൊൻകുന്നം-പുനലൂർ റോഡ് നിർമ്മാണോദ്ഘാടനം 22 ന് പൊൻകുന്നത്ത് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. ഇതിന്റെ ഭാഗമായി പൊൻകുന്നം-പ്ലാച്ചേരി റീച്ചിന്റെ ഭൂമിപൂജ ചെറുവള്ളിയിൽ നടന്നു. സി.കെ.നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. കരാർ ഏറ്റെടുത്ത് നടത്തുന്ന ശ്രീധന്യ കൺസ്ട്രക്ഷൻസ് എം.ഡി.ചന്ദ്രബാബു, കെ.എസ്.ടി.പി. അധികൃതർ എന്നിവർ പങ്കെടുത്തു.
ലോകബാങ്ക് സഹായത്തോടെ ഇ.പി.സി സംവിധാനത്തിൽ നിർമ്മിക്കുന്ന റോഡിന്റെ സർവേ ജോലികൾ അവസാന ഘട്ടത്തിലാണ്. 82.173 കി.മീ.ദൈർഘ്യമുള്ള പൊൻകുന്നം-പുനലൂർ റോഡ് എൻജിനിയറിംഗ് പ്രൊക്യൂർമെന്റ് കൺസ്ട്രക്ഷൻ (ഇപിസി) സംവിധാനത്തിലൂടെയാണ് നിർമ്മിക്കുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ ഡിസൈനിംഗ് ജോലികളും കരാറുകാരൻ തന്നെയാണ് ചെയ്യുന്നത്.
നിർമ്മാണം 3 മേഖലയായി
പുനലൂർ-കോന്നി : 29.84 കി.മീ
കോന്നി-പ്ലാച്ചേരി 30.16 കി.മീ
പ്ലാച്ചേരി-പൊൻകുന്നം 22.173 കി.മീ
പദ്ധതിയുടെ അടങ്കൽ തുക ഇങ്ങനെ
പുനലൂർ-കോന്നി റീച്ച് : 226.61 കോടി
കോന്നി-പ്ലാച്ചേരി റീച്ച് : 274.24 കോടി
പ്ലാച്ചേരി-പൊൻകുന്നം റീച്ച് : 236.79 കോടി
കാലാവധി 2 വർഷം
പുനലൂർ, പത്തനാപുരം, കോന്നി, കുമ്പഴ, മൈലപ്ര, റാന്നി, പ്ലാച്ചേരി, മണിമല, ചെറുവള്ളി, വഴിയാണ് പൊൻകുന്നത്ത് ഹൈവേ എത്തുന്നത്. പൂർത്തീകരണ കാലാവധി രണ്ടുവർഷമാണ്.