പാലാ : നഗരസഭയിലെ അങ്കണവാടി ജീവനക്കാരെ ളാലം ബ്ലോക്ക് ഐ.സി.ഡി.എസ് അധികാരികൾ നിലത്തിരുത്തി അപമാനിച്ച സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉച്ചകഴിഞ്ഞ് പാലാ നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേരും. 'കേരളകൗമുദി ' കഴിഞ്ഞ ദിവസം ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് കൗൺസിലർമാരായ അഡ്വ.ബിനു പുളിക്കക്കണ്ടം, റോയ് ഫ്രാൻസിസ്,പ്രസാദ് പെരുമ്പള്ളി, ജിജി ജോണി, സുഷമ രഘു,സിജി പ്രസാദ് എന്നിവർ ചേർന്ന് അടിയന്തര കൗൺസിൽ യോഗം വിളിക്കാൻ ചെയർപേഴ്‌സണ് കത്ത് നൽകിയത്. അതേ സമയം, സംഭവം വിവാദമായതോടെ ജീവനക്കാരെ കൈയിലെടുത്ത് എങ്ങനെയും പ്രശ്‌നത്തിൽ നിന്ന് തലയൂരാൻ ഐ.സി.ഡി.എസ് അധികാരികൾ തിരിക്കിട്ട നീക്കം തുടങ്ങി. നഗരസഭയിലെ അങ്കണവാടി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് നഗരസഭാ അധികാരികളും ഐ.സി.ഡി.എസ് അധികൃതരും തമ്മിൽ തർക്കം ഉടലെടുത്തത്.