പാലാ : നഗരത്തിലെ നിത്യശാന്തിയുടെ 'ആത്മവിദ്യാലയം' ഇനി പുണ്യഭൂമിയുടെ പവിത്രതയിലേക്ക്. പുത്തൻ പള്ളിക്കുന്നിലെ പൊതുശ്മശാനം ആത്മവിദ്യാലയത്തിലേക്ക് ഇനി അനാഥശരീരമാണ് എത്തുന്നതെങ്കിൽ കൂടി അന്ത്യവിശ്രമമൊരുക്കുന്നത് ആദരവോടെയും ആധുനിക സൗകര്യങ്ങളോടെയുമാകും. ഇതിനായുള്ള പുനർനിർമ്മാണ സജ്ജീകരണ പ്രവർത്തനങ്ങൾ പൊതുശ്മാശനത്തിൽ പൂർത്തിയായി. രണ്ടു പതിറ്റാണ്ടു മുമ്പ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഹൈന്ദവ സാംസ്കാരിക നേതാക്കളുടെ ശ്രമഫലമായി പാലാ നഗരസഭയുടെ ചുമതലയിൽ ആരംഭിച്ചതാണ് ശ്മശാനം. അന്നത്തെ പാലാ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലാണിത് സമൂഹത്തിന് സമർപ്പിച്ചത്.
അതിതാപ ചൂളയോടു കൂടി പ്രവർത്തനം നടത്തിവന്ന ആത്മവിദ്യാലയത്തിന്റെ പ്രവർത്തനത്തിൽ പിന്നീട് ഇടയ്ക്കിടെ മരണത്തിന്റെ കാലൊച്ച കേട്ടു തുടങ്ങി. ആത്മവിദ്യാലയം ഊർദ്ധ്വശ്വാസം വലിച്ചപ്പോഴൊക്കെ ഹൈന്ദവ സമുദായങ്ങൾ തോളോടു തോൾ ചേർന്നു. ആത്മവിദ്യാലയ കുടീരത്തിൽ നിത്യനിദ്ര കൊള്ളുന്നവരിലേറെയും ഹൈന്ദവ സഹോദരങ്ങളാണല്ലോ. അടുത്തിടെ മുനിസിപ്പൽ കൗൺസിലർ മിനി പ്രിൻസിന്റെ ശക്തമായ ഇടപെടലോടെയാണ് പൊതുശ്മശാനം ആധുനികവല്ക്കരണത്തിന്റെ പാതയിലെത്തിയത്.


2019-20 ലെ വാർഷിക പദ്ധതിയിൽ : 4 ലക്ഷം

ചൂളകൾ പുതുക്കിപ്പണിതു

മൃതദേഹം ദഹിപ്പിക്കുന്ന രണ്ട് ചൂളകളും പുതുക്കിപ്പണിതു. അനാഥമൃതദേഹങ്ങൾ സംസ്കരിക്കുന്ന ഭാഗത്ത് ഒരു മുറി
നിർമ്മിച്ചു. മൃതദേഹം സംസ്‌കരിക്കാൻ കൊണ്ടുവരുമ്പോൾ കൂടെയുള്ളയാൾക്ക് കുളിച്ച് അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള കുളിമുറി സൗകര്യവും ഏർപ്പെടുത്തി. സംസ്കാരത്തിന് വരുന്നവർക്ക് ഇരിക്കാനായി 25 ഇരിപ്പിടങ്ങൾ ഒരുക്കി. പഴക്കം ചെന്ന ഷട്ടറുകളെല്ലാം മാറ്റി സ്ഥാപിച്ചു.

കവാടത്തിൽ നെയിംബോർഡും വലിയ ഗേറ്റും സ്ഥാപിച്ചു.

സൗന്ദര്യവല്ക്കരണം

നിരവധിപ്പേർ അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് സുഗന്ധപൂരിതമാക്കാനും, സൗന്ദര്യവല്ക്കരണത്തിനുമായി നിരവധി പൂച്ചെടികൾ നട്ടുപിടിപ്പിച്ച് പരിപാലിക്കാനുള്ള നടപടികളുമായിട്ടുണ്ട്.