അടിമാലി: അടിമാലി ടൗണിൽ പ്രവർത്തിച്ച് വരുന്ന സ്റ്റുഡിയോ ഉടമയെ സ്ഥാപനത്തിൽ കയറി മർദ്ദിച്ചതായി പരാതി.മർദ്ദനമേറ്റതിനെ തുടർന്ന് കുന്നേൽ ബിജു മാത്യു (50) അടിമാലി താലൂക്കാശുപത്രിയിൽ ചികത്സ തേടി.വ്യാഴാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ സ്റ്റുഡിയോയിലെത്തിയ രണ്ടംഗ സംഘം സ്ഥാപനത്തിനുള്ളിൽ കയറി തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് ബിജു നൽകിയ പരാതിയിൽ പറയുന്നു.സംഭവം സംബന്ധിച്ച് ബിജു പറയുന്നതിങ്ങനെ.തന്റെ മാതാവ് ഒരു വർഷം മുമ്പ് അടിമാലിയിൽ വീട് വാടകക്കെടുത്തിരുന്നു.കഴിഞ്ഞ നവംബറിൽ കാലവധി കഴിയുകയും പണമിടപാടുകൾ അവസാനിപ്പിച്ച് വീടൊഴിയുകയും ചെയ്തു.തുടർന്ന് വീടുമായി ബന്ധപ്പെട്ട ചില അറ്റകുറ്റപ്പണികൾക്കെന്ന പേരിൽ ഉടമസ്ഥൻ കുറച്ച് പണം കൂടി ആവശ്യപ്പെട്ടു.കഴിഞ്ഞ മാസം പണം നൽകി മാതാവ് ഇടപാടുകൾ പൂർണ്ണമായി അവസാനിപ്പിച്ചു.ഈ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും പണം നൽകണമെന്നാവശ്യപ്പെട്ടാണ് രണ്ടംഗ സംഘം സ്ഥാപനത്തിൽ എത്തിയതെന്നും ആക്രമണം നടത്തിയതെന്നും ബിജു പറഞ്ഞു.ബിജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാവും വീട്ടുടമയും തമ്മിൽ നടത്തിയ പണമിടപാടിൽ താൻ ഒരിക്കൽ പോലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് ബിജു പൊലീസിന് നൽകിയിട്ടുള്ള മൊഴി. ബിജുവിനെ മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓൾ കേരളാ ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷനും രംഗത്തെത്തി.കുറ്റകാർക്കെതിരെ നടപടി വേണമെന്ന് എകെപിഎ ദേവികുളം മേഖലാ പ്രസിഡന്റ് സുനിൽ കുമാർ ആവശ്യപ്പെട്ടു.മർദ്ദനവുമായി ബന്ധപ്പെട്ട് കൊന്നത്തടി ചിറ്റടി കല്ലേൽ സുധീർ,ചാറ്റുപാറ സ്വദേശി ഹരിശീ എന്നിവർക്ക് എതിരെ അടിമാലി പൊലീസ് കെസ് രജിസ്റ്റർ ചെയ്തു